| Friday, 7th January 2022, 8:01 pm

ഒമിക്രോണ്‍, കൊവിഡ് വ്യാപനം; ബീഹാറിലും അസമിലും ഒഡീഷയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒമിക്രോണ്‍, കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം.

ബീഹാറിലും അസമിലും ഒഡീഷയിലുമാണ് വിദ്യഭ്യാസ സ്ഥാപങ്ങള്‍ അടച്ചിടുന്നത്. ബീഹാറില്‍ ജനുവരി 21 വരെയും അസമില്‍ ജനുവരി 30 വരെയും ഒഡീഷയില്‍ ഫെബ്രുവരി ഒന്ന് വരെയും സ്‌കൂളുകളും കോളേജുകളും അടച്ചിടും.

രാജ്യത്ത് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17000 പേര്‍ക്കാണ്
കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

മുംബൈയില്‍ മാത്രം 20,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം. ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്.

തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെ രോഗ വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയം ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്.

കേരള അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് കുത്തിവെപ്പിന്റെ രേഖകളുമായി എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ.

അതേസമയം, സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വന്നതാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ബാധിച്ചു.

ഇതോടെ സംസ്ഥാനത്ത് ആകെ 305 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നുള്ള 209 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നുള്ള ആകെ 64 പേര്‍ക്കുമാണ് രോഗം. 32 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ നാളെ മുതല്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബെംഗളൂരുവില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇതിനകം അവധി നല്‍കിയിരിക്കുകയാണ്. പൊതുഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Omicron, covid; Assam and Bihar states are planning to close educational instituitions

Latest Stories

We use cookies to give you the best possible experience. Learn more