അയ്യപ്പനെക്കാളും വലിയ സൂപ്പര്‍ ഹീറോ ഇല്ലെന്നും തല്‍ക്കാലം താനാണ് അയ്യപ്പനെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ പരാമര്‍ശങ്ങള്‍.
അദ്ദേഹത്തിന്റെ ആ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയാണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയിടാന്‍ വന്ന സ്ത്രീകള്‍. സിനിഫൈല്‍ ചാനല്‍ നടത്തിയ പബ്ലിക്ക് ഒപ്പീനിയനില്‍ ഉണ്ണി മുകുന്ദനെ അയ്യപ്പനായി കാണാനാവില്ലെന്നായിരുന്നു ഭൂരിഭാഗം സ്ത്രീകളുടെയും അഭിപ്രായം. അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞതിനോട് യോജിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഭഗവാന്‍ ചെയ്തതൊന്നും ഉണ്ണി മുകുന്ദന് ചെയ്യാനാവില്ലല്ലോയെന്നും ചിലര്‍ ചോദിച്ചു.
വരുംകാല തലമുറ തന്നെയാണ് അയ്യപ്പനായി കാണുകയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു, അതിനെ എങ്ങനെ നോക്കികാണുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘അങ്ങനെയൊന്നും കാണില്ല, അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണുകയുള്ളൂ. ഉണ്ണി മുകുന്ദന്‍ വന്നിട്ടൊന്നും യാതൊരു രക്ഷയുമില്ല. അത് തെറ്റായ അഭിപ്രായമാണ്. ഞങ്ങള്‍ അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണുകയുള്ളൂ’.
‘ഭഗവാന്‍ ഭഗവാന്‍ തന്നെയാണ്. ഉണ്ണി മുകുന്ദന്‍ ഒരു നടനാണ്. അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നില്ല. ഞങ്ങള്‍ ഭഗവാനെ തൊഴുന്നതാണ്. ഞങ്ങളുടെ അയ്യപ്പനെ ഉണ്ണി മുകുന്ദനായി കാണാന്‍ പറ്റില്ല. അയ്യപ്പന്‍ അയ്യപ്പനും ഉണ്ണി മുകുന്ദന്‍ ഉണ്ണി മുകുന്ദനുമാണ്. ഭഗവാന്‍ ചെയ്ത പോലൊന്നും ഉണ്ണി മുകുന്ദന്‍ ചെയ്തിട്ടില്ലല്ലോ, ചെയ്യത്തുമില്ലല്ലോ’.
‘അദ്ദേഹം സിനിമയിലെ ഒരു കഥാപാത്രമാണ് ചെയ്തത്. അങ്ങനെയൊന്നും കാണാന്‍ പറ്റില്ല’.
ഉണ്ണി മുകുന്ദനെ അനുകൂലിച്ചും ചില അഭിപ്രായങ്ങള്‍ വന്നിരുന്നു. അയ്യപ്പനെ പോലെ തോന്നുന്നുണ്ട്, ആ സിനിമ കണ്ട് ഹൃദയം പൊട്ടി കരഞ്ഞെന്നും ചില സ്ത്രീകള്‍ പറഞ്ഞു. പ്രാര്‍ത്ഥിക്കുമ്പോള്‍ ഉണ്ണി മുകുന്ദന്റെ മുഖം മനസില്‍ വരാറുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നും അപ്പോള്‍ ഭഗവാനാണ് മനസിലെന്നുമാണ് ഇവര്‍ മറുപടി നല്‍കിയത്.
ഉണ്ണി മുകുന്ദന്‍ പറഞ്ഞത് വരും തലമുറക്ക് മെസേജായി എടുക്കാം. വരും തലമുറ ഉണ്ണി മുകുന്ദനിലൂടെ അയ്യപ്പനെ കാണുമെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
Content Highlight: women who came to the Atukal temple to offer Pongal are responding to unni mukundan’s remarks