ന്യൂദല്‍ഹി: നാടകാചാര്യനും എഴുത്തുകാരനുമായ ഓംചേരി എന്‍.എന്‍. പിള്ള (100) അന്തരിച്ചു. ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം.
1924ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.
1951ൽ ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജോലി കിട്ടിയതിനെ തുടർന്ന് അദ്ദേഹം ദൽഹിയിലെത്തി. പിന്നീട് ഏഴ് പതിറ്റാണ്ടുകളോളം ദല്‍ഹി മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം.
കേരള പ്രഭ, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ‘ആകസ്മികം’ എന്ന ഓര്‍മ്മക്കുറിപ്പിന് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്.
2022ല്‍ സംസ്ഥാനം നല്‍കുന്ന രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കേരള പ്രഭ അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
1972ല്‍ പ്രളയം എന്ന നാടകത്തിനും 2010ല്‍ മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനയ്ക്കുമാണ് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ഒമ്പത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളുമാണ് ഓംചേരി മലയാളത്തിന് സമ്മാനിച്ചത്.
ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലനെ കുറിച്ചായിരുന്നു ആദ്യ നാടകം. ‘വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന നാടകത്തില്‍ എം.പിമാരായിരുന്ന കെ.സി. ജോര്‍ജ്, പി.ടി. പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി. നായര്‍ തുടങ്ങിയവരാണ് അഭിനയിച്ചത്.