കോഴിക്കോട്: കൂടത്തായി കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവും തങ്ങള്‍ക്കില്ലെന്ന് ഓമശേരി ശാന്തി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എം.വി മുബാറക്.
മരിച്ചവരുടെ ആശുപത്രി രേഖകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി രേഖകളില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും മുബാറക് പറഞ്ഞു.
മാധ്യമങ്ങളില്‍ വരുന്നതുപോലെ ആറ് പേരുടേയും മരണം ശാന്തി ആശുപത്രിയില്‍ വെച്ചല്ല നടന്നതെന്നും ആശുപത്രി രേഖകള്‍ പ്രകാരം രണ്ട് പേരുടെ മരണം മാത്രമാണ് ശാന്തി ഹോസ്പിറ്റലില്‍ വെച്ച് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
”’ആറ് പേരുടെ മരണവും ഇവിടെ വെച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ആശുപത്രി റെക്കോര്‍ഡുകള്‍ നോക്കിയിരുന്നു. ഒരു മാസം മുന്‍പ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ വന്നിരുന്നു. അവര്‍ ആറോളം രോഗികളുടെ പേര് നല്‍കി. ഇവരുടെ റെക്കോര്‍ഡുകള്‍ ഹാജരാക്കണം എന്ന് പറഞ്ഞു. അവര്‍ രണ്ട് ദിവസത്തെ സമയം തന്നു.
ഞങ്ങള്‍ അത് പരിശോധിച്ച് ഡീറ്റെയില്‍ അവര്‍ക്ക് കൈമാറി. ഇതില്‍ മാത്യു എന്ന പേഷ്യന്റ് 2012 മുതല്‍ ശാന്തി ഹോസ്പിറ്റലിലെ വിവിധ ഡിപാര്‍ട്‌മെന്റുകളില്‍ കാണിച്ചുകൊണ്ടിരിക്കുന്ന രോഗിയാണ്. നമ്മുടെ റെക്കോര്‍ഡ് പ്രകാരം 20 തവണ വിവിധ ഡിപാര്‍ട്‌മെന്റുകളിലെ ഡോക്ടര്‍മാരെ കാണിച്ചിട്ടുണ്ട്. അദ്ദേഹം ഡയബറ്റിക് പേഷ്യന്റാണ്. അതുപോലെ കാര്‍ഡിയാക് ഡിസീസ് ഉള്ള ആളാണ്. അതുപോലെ ആന്‍ജിയോഗ്രാം സര്‍ജറിക്ക് വിധേയനായ വ്യക്തിയാണ്. 2014 ല്‍ ആണ് അദ്ദേഹം അബോധാവസ്ഥയില്‍ ശാന്തി ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയിലേക്ക് വരുന്നത്. ഡോക്ടര്‍ പരിശോധിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. മരണപ്പെടുകയാണ് ഉണ്ടായത്. കൂടെവന്നവരോട് മരണം നടന്നെന്ന് പറഞ്ഞു. ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്ന രോഗിയായതുകൊണ്ട് മരണത്തില്‍ സംശയമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.
പിന്നെ മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചത് സിലി എന്ന് പറയുന്ന രോഗിയുടെ അവസ്ഥയാണ്. ഈ രോഗിയുടെ ഡാറ്റയും പരിശോധിച്ചപ്പോള്‍ 2014 ല്‍ അപസ്മാരത്തോടുകൂടിയും അബോധാവസ്ഥയിലും ശാന്തി ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഇവരെ പ്രവേശിപ്പിച്ചിരുന്നു. അത് പ്രകാരം റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ വേണ്ട ചികിത്സയും കാര്യങ്ങളും ഇവിടുത്തെ ഡോക്ടര്‍മാര്‍ നല്‍കിയതായി കണ്ടു. എന്നാല്‍ പേഷ്യന്റിനെ ഹയര്‍ സെന്ററിലേക്ക് പ്രിഫര്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചതുകൊണ്ട് കോഴിക്കോട് ബി.എം.എച്ച് ആശുപത്രിയിലേക്ക് പ്രിഫര്‍ ചെയ്യുകയാണ് ഉണ്ടായത്. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ക്ക് അറിയില്ല.
ഈ പേഷ്യന്റ് 2016 ലാണ് അപസ്മാരം വന്ന അവസ്ഥയില്‍ ബോധമില്ലാത്ത രീതിയില്‍ വീണ്ടും വരുന്നത്. സ്വാഭാവികമായും ഇവരുടെ റെക്കോര്‍ഡ് നമ്മുടെ കൈയിലുണ്ട്. ഭര്‍ത്താവും ബന്ധുക്കളുമാണ് ഇവരെ കൊണ്ടുവന്നത്. ഏകദേശം ആറ് മണിക്ക് വന്ന് രേഖകള്‍ പ്രകാരം 6.45 ന് മരണം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് പ്രത്യേകിച്ച് അസ്വാഭാവികമായി ഒന്നും തോന്നാത്തതുകൊണ്ടും കൂടെയുള്ള ആളുകളും പ്രത്യേകിച്ച് ഒന്നും പറയാത്തതുകൊണ്ട് ബോഡി അവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. നേരത്തെ തന്നെ അവര്‍ക്ക് അപസ്മാരമുണ്ടെന്ന ഹിസ്റ്ററി ഉള്ളതുകൊണ്ട് തന്നെ കൂടുതല്‍ ഡീറ്റേയിലിലേക്ക് പോകാതെ ബോഡി കൊടുക്കുകയാണ് ഉണ്ടായത്.
മറ്റൊന്ന് സിലിയുടെ ബേബിയെ കുറിച്ചാണ്. 1.5.16 ന് രാവിലെ 11 മണിക്ക് കാഷ്വാലിറ്റിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഡിയാക് ഡിസ്ട്രസ് പോലെയും അണ്‍ക്വോണ്‍ഷ്യസ് ആയിട്ടുമാണ് കുഞ്ഞിനെ എത്തിച്ചത്. ഡോക്ടേഴ്‌സ് നോക്കിയതിന് ശേഷം പ്രാഥമിക ചികിത്സ കൊടുത്ത് കുഞ്ഞിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ശാന്തി ആശുപത്രിയിലെ മൊബൈല്‍ ഐ.സി.യുവില്‍ ആണ് കൊണ്ടുപോയത്. പിന്നീട് ഈ കുഞ്ഞും മരണപ്പെട്ടുവെന്ന് അറിഞ്ഞു. ഇവിടെ വെച്ചല്ല കുഞ്ഞിന്റെ മരണം സംഭവിച്ചത്.
മറ്റൊരു കേസായ റോയി തോമസ് 2011 സെപ്റ്റംബര്‍ 30 ന് മരണപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ അന്ന് പേഷ്യന്റിനെ കൊണ്ടുവന്നതായി രേഖയില്‍ കാണുന്നില്ല. 2002 ല്‍ അന്നമ്മയും 2008 ല്‍ ടോം തോമസും എത്തിയെന്ന് പറയുന്നു. പക്ഷേ പത്ത് പതിനെട്ട് വര്‍ഷം മുന്‍പത്തേത് ആയതുകൊണ്ട് ഡാറ്റ ലഭ്യമായിട്ടില്ല. പക്ഷേ കൂടത്തായി ആയതുകൊണ്ട് തന്നെ കൂടത്തായിക്കാര്‍ വരുന്ന ആശുപത്രി തന്നെയാണ് ശാന്തി ഹോസ്പിറ്റല്‍ .അവര്‍ ഡെത്ത് കണ്‍ഫേം ചെയ്യാന്‍ കൊണ്ടുവന്നിട്ടുണ്ടോ എന്ന് അറിയില്ല. അതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമായിട്ടില്ല.
സ്വകാര്യ ആശുപത്രി ആയതുകൊണ്ട് തന്നെ മൂന്നോ നാലോ വര്‍ഷം കഴിയുമ്പോള്‍ ഡോക്ടര്‍മാര്‍ ചെയ്ഞ്ച് ആവും. ക്വാഷാലിറ്റിയിലും ആളുകള്‍ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഡാറ്റകള്‍ നോക്കുമ്പോള്‍ ഇവിടെ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഒന്നും നിലവില്‍ ഇവിടെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.