'എന്തിനാണ് ഞങ്ങളെ അവഗണിച്ചത്..' ടൊവിനോക്കും ആസിഫിനും പെപ്പെക്കും എതിരെ ഒമര്‍ ലുലു
Entertainment
'എന്തിനാണ് ഞങ്ങളെ അവഗണിച്ചത്..' ടൊവിനോക്കും ആസിഫിനും പെപ്പെക്കും എതിരെ ഒമര്‍ ലുലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th September 2024, 10:51 am

ഇന്നലെ ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ തങ്ങളുടെ പുതിയ സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇന്നും നാളെയുമായി എത്തുന്ന എ.ആര്‍.എം., കിഷ്‌ക്കിന്ധാ കാണ്ഡം, കൊണ്ടല്‍ എന്നീ സിനിമകളുടെ പ്രൊമോഷനായിരുന്നു ചെയ്തിരുന്നത്.

ഇപ്പോള്‍ ടൊവിനോക്കും ആസിഫിനും പെപ്പെക്കും എതിരെ കമന്റുമായി എത്തിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. നാളെ (സെപ്റ്റംബര്‍ 13) ഈ സിനിമകളോടൊപ്പം ക്ലാഷ് റിലീസായി എത്തുന്ന ബാഡ് ബോയ്‌സ് സംവിധാനം ചെയ്തത് ഒമര്‍ ലുലുവാണ്. തന്റെ സിനിമ മാത്രം ഈ പ്രൊമോഷനില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണ് എന്നാണ് ഒമര്‍ ചോദിക്കുന്നത്.

‘നിങ്ങള്‍ എല്ലാവരും സിനിമയില്‍ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകള്‍ക്കും ഒരേ കഷ്ടപാടല്ലേ. എന്തിനാണ് ഞങ്ങളെ അവഗണിച്ചത്’ എന്നാണ് ഒമര്‍ ലുലുവിന്റെ കമന്റ്. ടൊവിനോയും ആസിഫും പെപ്പെയും പങ്കുവെച്ച വീഡിയോക്ക് എതിരെ ശക്തമായി പ്രതികരിച്ച് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാമും പോസ്റ്റുമായി വന്നിരുന്നു.

നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നതെന്ന തെറ്റിദ്ധാരണയാണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് എന്നാണ് ഷീലു പോസ്റ്റില്‍ പറഞ്ഞത്. പവര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദിയെന്നും അവര്‍ പറഞ്ഞു.

View this post on Instagram

A post shared by OMAR LULU (@omar_lulu_)

ഈ പോസ്റ്റും ഒമര്‍ ലുലു ഷെയര്‍ ചെയ്തിട്ടുണ്ട്. റഹ്‌മാനെ നായകനാക്കിയാണ് ഒമര്‍ ലുലു ബാഡ് ബോയ്‌സ് സിനിമ സംവിധാനം ചെയ്തത്. ചിത്രം നാളെയാണ് തിയേറ്ററില്‍ എത്തുന്നത്. റഹ്‌മാന് പുറമെ ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.


അതേസമയം ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലര്‍, ഡ്രാമയായിട്ടാണ് ഈ സിനിമ ഒരുക്കിയത്. അപര്‍ണ മുരളി – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’.

മിന്നല്‍ മുരളിയുടെ വിജയത്തിന് ശേഷം ടൊവിനോയുടെ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രമാണ് എ.ആര്‍.എം എന്ന അജയന്റെ രണ്ടാം മോഷണം. മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ അജയന്‍, കുഞ്ഞിക്കേളു, മണിയന്‍ എന്നിങ്ങനെ മൂന്ന് കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ത്രീ.ഡിയില്‍ റിലീസാവുന്ന ചിത്രം നവാഗതനായ ജിതിന്‍ ലാലാണ് സംവിധാനം ചെയ്തത്.

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത സിനിമയാണ് ‘കൊണ്ടല്‍’. കടലിന്റെയും തീരദേശ ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ഇത്. പെപ്പെക്ക് പുറമെ കന്നഡ താരം രാജ് ബി. ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്

Content Highlight: Omar Lulu’s Comment Against Tovino Thomas, Asif Ali and Antony Varghese Pepe