'കു.കു.ച എന്നാല്‍ കുടിച്ചു കുടിച്ചു ചാവുക': ഫാന്‍ ഫൈറ്റ് ക്ലബ്ബില്‍ അംഗമാകാന്‍ ഇനിയില്ലെന്നും സംവിധായകന്‍ ഒമര്‍ ലുലു
Social Tracker
'കു.കു.ച എന്നാല്‍ കുടിച്ചു കുടിച്ചു ചാവുക': ഫാന്‍ ഫൈറ്റ് ക്ലബ്ബില്‍ അംഗമാകാന്‍ ഇനിയില്ലെന്നും സംവിധായകന്‍ ഒമര്‍ ലുലു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd March 2018, 8:49 pm

കൊച്ചി: വിവാദ ഫേസ്ബുക്ക് ഗ്രൂപ്പായ ഫാന്‍ ഫൈറ്റ് ക്ലബ്ബില്‍ ഇനി അംഗമാകാന്‍ താനില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഫാന്‍ ഫൈറ്റ് ക്ലബ്ബ് ഒരു ഓപ്പണ്‍ ഗ്രൂപ്പാണ്, അതില്‍ താനുണ്ടെന്ന് വെച്ച് അതിന്റെ ആശയത്തെ നൂറ് ശതമാനം അംഗീകരിക്കുന്നു എന്നല്ല അര്‍ത്ഥം. എഫ്.എഫ്.സി ഗ്രൂപ്പില്‍ ഒരുപാട് നല്ല കാര്യങ്ങളും ഉണ്ട്. റിപോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലായിരുന്നു ഒമര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അഭിമുഖത്തില്‍ ഒമര്‍ലുലു പറഞ്ഞ മറ്റു കാര്യങ്ങള്‍:

കു.കു.ച്ച എന്നാല്‍ “കുടിച്ച് കുടിച്ച് ചാവുക” എന്നാണ്. എന്നാല്‍ അതിന് വേറെയും വ്യാഖ്യാനങ്ങളുണ്ട്. എഫ്.എഫ്.സി ഗ്രൂപ്പിലെ ചില സംഭാഷണങ്ങള്‍ “ചങ്ക്സ്” സിനിമയില്‍ ഉപയോഗിച്ചിരുന്നു. ഗ്രൂപ്പ് തന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല. താന്‍ മാത്രമല്ല ഗ്രൂപ്പില്‍ വേറെയും സംവിധായകരുണ്ട്, അവര്‍ ആരൊക്കെയാണെ് പറഞ്ഞാല്‍ പ്രശ്‌നമാകും.

ആദിവാസികളേയും വയനാട്ടുകാരെയും അധിക്ഷേപിച്ച് താന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടിട്ടില്ല. ഗ്രൂപ്പില്‍ 65,000 ലേറെ ആളുകളുണ്ട്. അവര്‍ പലതരം പോസ്റ്റുകളിടും. അതിന് താനല്ല ഉത്തരവാദി.

തന്റെ ചിത്രത്തില്‍ നായികയുടെ ബിക്കിനി ഷോട്ട്് ഉണ്ടോ എന്ന് ചോദിച്ചു കൊണ്ടുള്ള കമന്റിന് ഉണ്ട് എന്ന് പറഞ്ഞത് തമാശയ്ക്കാണ്. ഫേസ്ബുക്കിലെ കമന്റുകള്‍ കാര്യമായി എടുക്കാറില്ല. എഫ്.എഫ്.സിയിലെ പോലുള്ള പോസ്റ്റുകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ല.

പുതിയ എഫ്.എഫ്.സി ഗ്രൂപ്പില്‍ അംഗമാകാന്‍ താനില്ല. പ്രതീക്ഷിക്കാത്ത രീതിയിലാണ് ആളുകള്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണീ തീരുമാനം.

എഫ്.എഫ്.സിയുടെ സ്ഥാപക അഡ്മിനായ അശ്വന്ത് കോകിനെ നേരത്തെ പരിചയമുണ്ട്. അതിനാലാണ് ചങ്ക്സില്‍ അഭിനയിപ്പിച്ചത്. അമേരിക്കന്‍ പൈ മാതൃകയിലുള്ള ചിത്രമാണ് ചങ്ക്സ് കൊണ്ട് ഉദ്ദേശിച്ചത്. പൂര്‍ണ്ണമായും അത് പോലെയുള്ള ചിത്രമെടുക്കാന്‍ ഇവിടെ സാധിക്കില്ല.

തെറിവിളി ഉള്‍പ്പടെയുള്ള ആളുകളുടെ പ്രതികരണങ്ങള്‍ അറിയാന്‍ വേണ്ടിയാണ് എഫ്.എഫ്.സി പോലുള്ള ഗ്രൂപ്പുകളില്‍ താന്‍ അംഗമാകുന്നത്.

ഒമര്‍ ലുലുവുമായുള്ള അഭിമുഖം കാണാം: