കൊവിഡും ലോക്ഡൗണും ഒക്കെയായി സിനിമാമേഖല ഉള്‍പ്പെടെ സ്തംഭിച്ചപ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹഷ്മി ഉള്‍പ്പെടെയുള്ളവര്‍ മ്യൂസിക്കല്‍ ആല്‍ബങ്ങളുടെ പിന്നാലെയാണ്.
പ്രേക്ഷകര്‍ക്കിടയില്‍ ലൈവ് ആയി നില്‍ക്കുക, ജനപ്രീതിയും സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സും വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ആല്‍ബങ്ങളിലേയ്ക്ക് തിരിയുന്നതെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
ഈ ആല്‍ബങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര സംവിധായകനായ ഒമര്‍ ലുലുവും ഈ കൊവിഡ് കാലത്ത് മാത്രം അഞ്ച് ആല്‍ബങ്ങള്‍ ആണ് ചെയ്തിരിക്കുന്നത്. അതില്‍ അഞ്ചാമത്തെ ആല്‍ബമാണ് ഈദ് പ്രമാണിച്ച് റിലീസ് ചെയ്തിരിക്കുന്നത്.
യുവാക്കളെ ലക്ഷ്യം വെച്ചുള്ള ഒമര്‍ ലുലുവിന്റെ ആല്‍ബങ്ങള്‍ എല്ലാം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ജുബൈര്‍ മുഹമ്മദിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒമര്‍ ലുലുവിന്റെ പുതിയ ആല്‍ബം ‘മനസ്സിന്റെ ഉള്ളില്‍’ നവാഗതനായ അബ്ഷര്‍ ആഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.