ന്യൂദല്‍ഹി: ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറിയതില്‍ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
തുലാസില്‍ കിടന്നാടിയ സഖ്യം എന്തുകൊണ്ട് ഇത്രപെട്ടെന്ന് വേര്‍പിരിഞ്ഞുവെന്ന് അറിയില്ലെന്നും എന്തുതന്നെയായാലും ഇത് ആഘോഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.
ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇത് ആഘോഷിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. മാത്രമല്ല രാഷ്ട്രപതി ഭരണത്തെ അംഗീകരിക്കരുതെന്നുമാണ് എന്റെ അഭിപ്രായം. തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് തന്നെ നടത്തണം. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി എന്തായാലും ഞങ്ങള്‍ വരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പത്രസമ്മേളനത്തില്‍ ഒമര്‍ അബ്ദുള്ള പറഞ്ഞു.
ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറുന്ന കാര്യം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചത്.
രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. നേരത്തെ പി.ഡി.പിയുമായി സഖ്യത്തിലെത്തുന്ന വേളയിലും ബി.ജെ.പി ഇതു തന്നെയാണ് പറഞ്ഞിരുന്നത്.
ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം തുടരുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ച് അസാധ്യമായിരിക്കുകയാണെന്ന് പറഞ്ഞാണ് രാം മാധവ് തീരുമാനം പ്രഖ്യാപിച്ചത്. ദല്‍ഹിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി യോഗം ചേര്‍ന്ന ശേഷമായിരുന്നു പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്.
റംസാനിനുശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന പി.ഡി.പിയുടെ നിലപാടാണ് സഖ്യം പിരിയാനിടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ തുടരണമെന്ന നിലപാടാണ് കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടേത്. എന്നാല്‍ അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ ഇത് സാധ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സഖ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.