| Thursday, 17th October 2024, 8:01 am

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയായി അധികാരമേറ്റു; മന്ത്രിസഭയില്‍ ഭാഗമാകാതെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഭാഗമാകില്ലെന്ന് റിപ്പോര്‍ട്ട്.

ഇന്നലെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല കശ്മീര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെയാണ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് ഭാഗമാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസ് ആവശ്യം നടപ്പിലാവാത്തതാണ് മന്ത്രിസഭയില്‍ ഭാഗമാകാതിരിക്കാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ജമ്മു കശ്മീരില്‍ ആറ് സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം നല്‍കാമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിലപാട്.

പിന്നാലെ മന്ത്രിസഭയില്‍ ചേരുന്നില്ലെന്നും പുറത്ത് നിന്നുകൊണ്ട് സര്‍ക്കാരിനെ പിന്തുണക്കുമെന്നുമാണ് കോണ്‍ഗ്രസ് തീരുമാനമെടുത്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം തുടര്‍ചര്‍ച്ചകള്‍ ഉണ്ടാവുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ ഭാഗമാകില്ലെന്നതിനെ ഒമര്‍ അബ്ദുല്ല തള്ളുകയും കോണ്‍ഗ്രസുമായുള്ള ചര്‍ച്ച തുടരുകയാണെന്നും പറഞ്ഞിരുന്നു.

അതേസമയം മന്ത്രിമാരായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ സകീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ഒമര്‍ അബ്ദുല്ല മന്ത്രിസഭയില്‍ മൂന്ന് ഒഴിവുകള്‍ കൂടിയുണ്ട്.

ഒമര്‍ അബ്ദുല്ലയോടൊപ്പം ഇന്നലെ (16.10.24) സുരീന്ദര്‍ ചൗധരി ഉപമുഖ്യമന്ത്രിയായും അധികാരമേറ്റിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായ രവീന്ദര്‍ റെയ്‌നയെ പരാജയപ്പെടുത്തിയാണ് പി.ഡി.പി നേതാവായ ചൗധര് മന്ത്രിസഭയിലെത്തുന്നത്.

ജമ്മു മേഖലയില്‍ നിന്നുമുള്ള മൂന്നുപേരും കശ്മീര്‍ മേഖലയില്‍ നിന്ന് രണ്ട് പേരുമാണ് മന്ത്രിമാരായി അധികാരമേറ്റത്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി, സമാജ് പാര്‍ട്ടി നേതാവ് അഖിലേഷ് യാഥവ് , ഡി.എം.കെ നേതാവ് കനിമൊഴി, സി.പി.ഐ.എം നേതാവ് പ്രകാശ് കാരാട്ട്, സി.പി.ഐ നേതാവ് ഡി.രാജ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Content Highlight: Omar Abdullah takes office as Chief Minister of Jammu and Kashmir; Congress without being part of the cabinet

Video Stories

We use cookies to give you the best possible experience. Learn more