| Thursday, 22nd November 2018, 2:33 pm

എങ്കില്‍ അതൊന്ന് തെളിയിക്കൂ' കുതിരക്കച്ചവടം തടയാനാണ് നിയമസഭ പിരിച്ചുവിട്ടതെന്നു പറഞ്ഞ ജമ്മുകശ്മീര്‍ ഗവര്‍ണറോട് ഉമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കുതിരകച്ചവടം തടയാനാണ് ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതെന്ന കശ്മീര്‍ ഗവര്‍ണറുടെ വാദത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള. ആരോപണം സംബന്ധിച്ച് ഗവര്‍ണര്‍ വിശദീകരണം നല്‍കണമെന്നാണ് ഉമര്‍ അബ്ദുള്ള ആവശ്യപ്പെട്ടത്.

ജമ്മുകശ്മീരില്‍ ബദ്ധവൈരികളായ നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു ഗവര്‍ണറെ സമീപിച്ചതിനു പിന്നാലെയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്.

“ഞങ്ങളോട് നീതി കാട്ടിയില്ല. പണമുപയോഗിച്ചു, എം.എല്‍.എമാരെ പണംകൊടുത്തുവാങ്ങി, കുതിരക്കച്ചവടം നടന്നു എന്നീ ആരോപണങ്ങള്‍ ഗര്‍ണര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു മുമ്പാകെ വിശദീകരണം നല്‍കണം. നിങ്ങളുടെ പക്കല്‍ എന്തു തെളിവാണുള്ളതെന്നു കാണിക്കണം. ആരാണ് പണമുപയോഗിച്ചത്, എവിടെയാണത്.” അബ്ദുള്ള ചോദിച്ചു.

Also read:ജഡ്ജി ലോയയെ കൊലപ്പെടുത്തിയത് റേഡിയോ ആക്ടീവ് ഐസോടോപ്പ് ഉപയോഗിച്ച്; അമിത് ഷായില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അഭിഭാഷകന്റെ ഹരജി

പി.ഡി.പിയുമായി യോജിക്കുകയെന്ന തീരുമാനം ജമ്മുകശ്മീരിനുവേണ്ടി താനാണ് കൈക്കൊണ്ടതെന്നും ഉമര്‍ അബ്ദുള്ള വ്യക്തമാക്കി.

“പി.ഡി.പിയുടെ പിന്തുണ തേടി ഞങ്ങളാണ് സമീപിച്ചത്. ഞാന്‍ പറഞ്ഞത് പാര്‍ട്ടിയുമായി ആലോചിച്ചശേഷമേ എനിക്കൊരു തീരുമാനമെടുക്കാനാവൂവെന്നാണ്. അതിനാല്‍ കൂടിയാലോചനയ്ക്കായി ഒന്നോ രണ്ടോ ദിവസം വേണമെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടു.” അദ്ദേഹം പറയുന്നു.

സഖ്യമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം തനിക്കുവേണ്ടെന്നും താന്‍ വ്യക്തമാക്കിയതായി അദ്ദേഹം പറയുന്നു.

” ഞങ്ങള്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തി. തെറഞ്ഞെടുപ്പിന്റെ കാര്യം പറയുകയാണെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചു നിന്ന് മത്സരിക്കുന്ന ജമ്മുകശ്മീര്‍ ജനതയ്ക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല.” എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടത്.

We use cookies to give you the best possible experience. Learn more