| Saturday, 26th June 2021, 2:43 pm

ഈ സര്‍ക്കാരിനോട് ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നത് വിഡ്ഢിത്തമാണ്; ചര്‍ച്ചയിലൂടെ അത് നടക്കുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനില്ല: ഒമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ഇന്നത്തെ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് വിഡ്ഢിത്തമാകുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള.

കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ യോഗത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

’70 വര്‍ഷമെടുത്തിട്ടാണ് ബി.ജെ.പി. തങ്ങളുടെ രാഷ്ട്രീയ അജണ്ടയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ നടപ്പിലാക്കിയത്. ഞങ്ങളുടെ പോരാട്ടം ആരംഭിച്ചിട്ടില്ലേയുള്ളു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലൂടെ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കപ്പെടുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ഞങ്ങളില്ല.

ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരമൊരു നീക്കമുണ്ടാകുമെന്ന് തോന്നിപ്പിക്കുന്ന ഒരു സൂചനയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തമാണ്,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുക എന്ന ആവശ്യത്തില്‍ നിന്നും നാഷണല്‍ കോണ്‍ഫറന്‍സ് പിന്നോട്ടു പോയിട്ടില്ലെന്നും നിയമപരമായും ഭരണഘടനാപരമായും  സമാധാനപരമായിട്ടുമായിരിക്കും പാര്‍ട്ടി ആ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. സുപ്രീം കോടതിയില്‍ നടക്കുന്ന നിയമപോരാട്ടത്തില്‍ തങ്ങള്‍ വിജയിക്കാനുള്ള വലിയ സാധ്യതയുണ്ടെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്നും മോദി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് വൈകില്ലെന്നും മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് മോദി യോഗത്തില്‍ പറഞ്ഞത്. ജമ്മു കശ്മീരില്‍ ജനാധിപത്യം ശക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മോദി പറഞ്ഞു.

എന്നാല്‍ മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍, തങ്ങള്‍ വിവിധ വിഷയങ്ങള്‍ മുന്നോട്ടുവച്ചെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്നുമാണ് സി.പി.ഐ.എം. നേതാവ് യൂസുഫ് തരിഗാമി യോഗത്തിന് ശേഷം പ്രതികരിച്ചത്.

സംസ്ഥാന പദവി പുനസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് നടത്തുക, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, എല്ലാ രാഷ്ട്രീയ തടവുകാരെയു മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചില്ല. സൗഹാര്‍ദപരമായ ചര്‍ച്ചയാണ് നടന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസൈന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Omar Abdullah says it will be foolish to ask BJP central government to reinstate Article 370

Latest Stories

We use cookies to give you the best possible experience. Learn more