ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയുടെ സഹോദരി സഫിയ അബ്ദുള്ളയും ബന്ധു സുരയ്യ അബ്ദുള്ളയും കസ്റ്റഡിയില്‍. ശ്രീനഗറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ശ്രീനഗറില്‍ നടന്ന സിവില്‍ സൊസൈറ്റി പ്രക്ഷോഭത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടന്ന വനിതാ പ്രക്ഷോഭമായിരുന്നു ഇത്.
ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ നിരവധി സ്ത്രീകള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിനിടെ പൊലീസ് സ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സ്ത്രീകളില്‍ പലരും മുന്‍ പ്രൊഫസര്‍മാരും കശ്മീര്‍ താഴ്വരയിലെ അക്കാദമി അംഗങ്ങളുമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ വിഭജിക്കുകയും രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കുകയും ചെയ്ത് 73 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് വനിതാ സിവില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള, പിതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരടക്കം ആയിരത്തിലധികം പേരെയാണ് ഓഗസ്റ്റ് 5 മുതല്‍ കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
സഫിയയെയും സുരയ്യ അദ്ബുള്ളയെയും കസ്റ്റഡിയിലെടുത്ത നടപടിയില്‍ പ്രതിഷധവുമായി മെഹബൂബ മുഫ്തി രംഗത്തെത്തി. ’56 ഇഞ്ചുള്ള സര്‍ക്കാര്‍ സമാധാനമായി പ്രതിഷേധിച്ച പൗരന്മാരെയും സ്ത്രീകളെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നു. ഒരു നഗരത്തില്‍ മുഴുവനായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഞങ്ങളുടെ വികാരങ്ങളിലും ചിന്തകളിലും ഒരുമാറ്റവും സംഭവിച്ചിട്ടില്ല. ഇനിയും എത്ര ശബ്ദങ്ങളെ നിങ്ങള്‍ക്ക് അടിച്ചമര്‍ത്താനാവും- മെഹ്ബൂബ മെഫ്തി ചോദിച്ചു. മെഹബൂബ മുഫ്തിയുടെ മകളാണ് അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ 73 ദിവസമായി ടെലിഫോണ്‍, മൊബൈല്‍ സംവിധാനങ്ങള്‍ക്ക് കശ്മീരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ (ബി.ഡി.സി) തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 24 നാണ് നടക്കുക. എന്നാല്‍ കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.