ന്യൂദല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വീട്ടുതടങ്കലില്‍ കഴിയുകയും പിന്നീട് പൊതുസുരക്ഷാ നിയമം ചുമത്തുകയും ചെയ്ത ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍അബ്ദുള്ളക്ക് വേണ്ടി നിയമപോരാട്ടം നടത്താനൊരുങ്ങി സഹോദരി സാറാ അബ്ദുള്ള പൈലറ്റ്. വിഷയം ചൂണ്ടികാട്ടി സാറാ സുപ്രീം കോടതിയെ സമീപിച്ചു.
മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബലാണ് കോടതിയില്‍ ഹരജിക്കാരന് വേണ്ടി ഹാജരാവുന്നത്. വിഷയത്തില്‍ സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ഒമര്‍ അബ്ദുളളയെ കൂടാതെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കെതിരേയും പൊതുസുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്.
ഒമര്‍ അബ്ദുള്ളക്കെതിരെയുള്ള നടപടി ജനാധിപത്യ വിരുദ്ധവും മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നും സാറാ അബ്ദുള്ള ആരോപിച്ചു.
തടവില്‍ കഴിയുന്ന ഒമര്‍ അബ്ദുള്ളയുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
നരച്ച് നീണ്ട് ജഡ കെട്ടിയ താടിയും പ്രായം ചെന്ന ചിരിമാഞ്ഞ മുഖവുമായ ഒമര്‍ അബ്ദുള്ളയുടെ ചിത്രമാണ് പുറത്തുവന്നത്.
ഒമര്‍ അബ്ദുളള തടങ്കലിലായിട്ട് ആറ് മാസമേ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ കണ്ടാല്‍ മുപ്പത് വര്‍ഷം കഴിഞ്ഞതുപോലെ തോന്നുമെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ അശോക് ധമിജ ട്വിറ്ററില്‍ ഒമര്‍ അബ്ദുള്ളയുടെ ചിത്രം പങ്കുവെച്ച് എഴുതിയത്.