[] ന്യൂദല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളയുന്ന കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയെന്ന പ്രധാനമന്ത്രിയുടെ ഓഫീസ്(പി.എം.ഒ) ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങിന്റെ പ്രസ്താവനക്ക് ഒമര്‍ അബ്ദുള്ളയുടെ കടുത്ത മറുപടി.
എന്റെ വാക്കുകള്‍ കുറിച്ച് വെച്ചുകൊള്ളുക. മോദി സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ 370ാം വകുപ്പ് നിലനില്‍ക്കും അല്ലെങ്കില്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതാവും- കശ്മീര്‍ മുഖ്യമന്തിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഇന്ത്യയുമായി കശ്മീരിനെ ബന്ധിപ്പിക്കുന്ന ഏകഭരണഘടനാ കാര്യം 370ാം വകുപ്പാണെന്നും ഒമര്‍ വിശദമാക്കി. പി.ഡി.പി. നേതാവ് മെഹ്ബൂബാ മുഫ്തിയും പ്രസ്താവനയോടു രൂക്ഷമായി പ്രതികരിച്ചു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേ സമയം പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ജിതേന്ദ്ര സിങ് വിശദീകരിച്ചു. ചര്‍ച്ചയാവാം എന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നും അ്ല്ലാതെ പ്രത്യേക പദവി എടുത്ത കളയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറ്റെടുത്ത ആദ്യ ദിനം തന്നെയായിരുന്നു ജിതേന്ദ്ര സിങിന്റെ വിവാദ പരാമര്‍ശം.
ചര്‍ച്ചകളിലൂടെ മാത്രമേ വകുപ്പിന്റെ ഗുണദോഷങ്ങള്‍ എല്ലാവരെയും ബോധ്യപ്പെടുത്താന്‍ പറ്റൂ എന്നും കശ്മീര്‍ താഴ്‌വരയില്‍ ഇത്തരം ചില യോഗങ്ങള്‍ തങ്ങള്‍ നടത്തിയിരുന്നുവെന്നും കുറെപ്പേരെയെങ്കിലും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ സാധിച്ചിരുന്നുവെന്നും രാവിലെ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജമ്മുകാശ്മീരിലെ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ഡോ. സിങ്.
പൗരത്വം, മൗലികാവകാശം, വസ്തുകളുടെ ഉടമസ്ഥാവകാശം എന്നീ വിഷയങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേക പദവി കശ്മീരിന് അനുവദിക്കുന്ന നിയമമാണ് 370ാം വകുപ്പില്‍ അനുശാസിക്കുന്നത്. കശ്മീരിന് പുറമെ അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, ഹിമാചല്‍ പ്രദേശ്, അന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നിവടങ്ങളിലും സമാന നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നിവ ഒഴികെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ സമ്മതത്തോടു കൂടിയെ തീരുമാനമെടുക്കാനാവൂ എന്നും 370ാം വകുപ്പ് അനുശാസിക്കുന്നത്.