| Sunday, 1st September 2019, 11:57 am

ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേകാവകാശ പദവി റദ്ദാക്കിയ ശേഷം തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന.

ഈ ആഴ്ച രണ്ട് തവണ ഒമര്‍ അബ്ദുള്ള കുടുംബവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഹ്ബൂബ മുഫ്തി വ്യാഴാഴ്ച മാതാവുമായും സഹോദരിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്.

ഉമര്‍ അബ്ദുള്ളയെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ശ്രീനഗറിലെ ഹാരി നിവാസില്‍ വെച്ചാണ് കണ്ടത്. ഉമര്‍ അബ്ദുള്ള സഹോദരി സഫിയയേയും കുട്ടിയും സന്ദര്‍ശിച്ചു. സന്ദര്‍ശനം 20 മിനുട്ട് നീണ്ടുനിന്നതായാണ് റിപോര്‍ട്ട്.

സഹോദരി സഫിയയും ബന്ധുവും നിരവധി തവണ ഡെപ്യൂട്ടി കമ്മീഷറുടെ ഓഫിസിലെത്തി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉമര്‍ അബ്ദുള്ളയെ കാണാന്‍ അനുമതി നല്‍കിയത്. ഇതിനുമുമ്പ് ബലിപെരുന്നാള്‍ ദിവസമാണ് ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നത്.

മെഹ്ബൂബ മുഫ്തിയെ ചെസ്മാഷാഹിയിലെ ടൂറിസം വകുപ്പിന്റെ കെട്ടിടത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇത് സബ് ജയിലായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

വീട്ടു തടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചിരുന്നു.

തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി യെച്ചൂരിക്ക് അനുമതി നല്‍കിയത്.

അതേസമയം, നേതാക്കള്‍ കസ്റ്റഡിയില്‍ കഴിയുന്നതാണ് നല്ലതെന്നും കൂടുതല്‍ വോട്ട് ലഭിക്കാന്‍ കാരണമാവുമെന്നും കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് പറഞ്ഞിരുന്നു.

‘ആളുകള്‍ നേതാക്കളാകുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ. 30 തവണ ഞാന്‍ ജയിലില്‍ പോയിട്ടുണ്ട്. ആരൊക്കെ ജയിലില്‍ പോകുന്നുവോ അവരൊക്കെ നേതാക്കളായി മാറും. അവര്‍ അവിടെ കിടക്കട്ടെ. എത്രകാലം അധികം അവര്‍ ജയിലില്‍ കിടക്കുന്നുവോ അത്രയും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടം ലഭിക്കും.’- സത്യപാല്‍ പറഞ്ഞിരുന്നു.

ജമ്മുകശ്മീരില്‍ എല്ലാം ‘നോര്‍മല്‍’ ആണെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തെ ചോദ്യം ചെയ്ത് എഴുത്തുകാരി റാണാ അയൂബ് രംഗത്തെത്തിയിരുന്നു. കശ്മീരില്‍ നിന്നും തിരിച്ചെത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു റാണയുടെ പ്രതികരണം.

‘കശ്മീരില്‍ നിന്നും ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളൂ: അര്‍ധരാത്രി റെയ്ഡുകളില്‍ 12 കാരന്‍ പോലും കസ്റ്റഡിയിലാവുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകള്‍ റേപ്പ് ഭീഷണി നേരിടുന്നു. യുവാക്കള്‍ക്ക് ഇലക്ട്രിക് ഷോക്കുകള്‍ നല്‍കുന്നു. നിങ്ങള്‍ പറയുന്ന നോര്‍മല്‍ ഇതാണ്. കശ്മീരില്‍ ഇതുവരെ കണ്ടതില്‍ എറ്റവും മോശമായ സാഹചര്യമാണിത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ദുര്‍ഭരണം ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയിരിക്കുന്നു.’ എന്നായിരുന്നു റാണയുടെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more