കശ്മീരിനെ പലസ്തീന്‍-ഇസ്രാഈല്‍ വിഷയം പോലെ ചിത്രീകരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം; ദേശീയ പാതയിലെ സഞ്ചാര വിലക്ക് ഭേദിക്കാന്‍ ആഹ്വാനം ചെയ്ത് പി.ഡി.പിയും എന്‍.സിയും
Jammu Kashmir
കശ്മീരിനെ പലസ്തീന്‍-ഇസ്രാഈല്‍ വിഷയം പോലെ ചിത്രീകരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം; ദേശീയ പാതയിലെ സഞ്ചാര വിലക്ക് ഭേദിക്കാന്‍ ആഹ്വാനം ചെയ്ത് പി.ഡി.പിയും എന്‍.സിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2019, 5:29 pm

ശ്രീനഗര്‍: പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാര്‍ക്കുള്ള സഞ്ചാര വിലക്ക് ഭേദിക്കാന്‍ ജനങ്ങളോടാവശ്യപ്പെട്ട് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ദേശീയ പാതയിലെ സഞ്ചാര നിയന്ത്രണം പിന്‍വലിക്കണമെന്നും ജനങ്ങളുടെ കഷ്ടതകള്‍ക്ക് അറുതി വരുത്തണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയും ആവശ്യപ്പെട്ടു. സഞ്ചാര നിയന്ത്രണത്തിനെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു അബ്ദുള്ളയുടെ ആവശ്യം.

സഞ്ചാര വിലക്കിലൂടെ സംസ്ഥാനത്തെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കാനും ജമ്മു കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.

‘വിലക്ക് ഭേദിച്ചു കൊണ്ട് ദേശീയ പാതയിലൂടെ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഞാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. കശ്മീര്‍ ഇസ്രഈല്‍ പലസ്തീന്‍ വിഷയമല്ല. ദല്‍ഹിയിലെ സര്‍ക്കാറിന് കശ്മീരിനെ ഇസ്രഈല്‍-പലസ്തീന്‍ വിഷയം ആക്കി മാറ്റണമെങ്കില്‍, പലസ്തീനിലെ അവസ്ഥ കൈകാര്യം ചെയ്യാനും അവര്‍ തയ്യാറായിരിക്കണം’- മുന്‍ മുഖ്യമന്ത്രി കൂടിയായ മെഹ്ബൂബ മാധ്യമങ്ങളോട് പറഞ്ഞു.

വിലക്ക് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുകൂലമായി വിധി കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മെഹ്ബൂബ പറഞ്ഞു.

ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്ക് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വിലക്ക് കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ് പൗരന്മാരുടെ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നായിരുന്നു അധികൃതരുടെ വാദം.

പുലര്‍ച്ചെ നാലു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലുമാണ് യാത്രാവിലക്ക്. ബാരാമുല്ലയില്‍ നിന്ന് ഉദ്ധംപൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമാകും. മെയ് 31 വരെ യാത്രാവിലക്ക് തുടരും.

സഞ്ചാര വിലക്കിന്റെ ഭാഗമായി ഇന്ത്യന്‍ ആര്‍മി, പൊലീസ്, സെന്‍ട്രല്‍ റിസേര്‍വ് പൊലീസ് ഫോഴ്‌സ് തുടങ്ങിയ സേനാ ഉദ്യോഗസ്ഥരെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളിലും വിന്യസിക്കും. അടിയന്തരഘട്ടങ്ങളില്‍ മജിസ്ട്രേറ്റിന്റെ അനുവാദത്തോടു കൂടി ശക്തമായ പരിശോധനയ്ക്കു ശേഷം മാത്രം പ്രസ്തുത വാഹനം കടത്തിവിടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പ്രമാണിച്ച് ദേശീയ പാതയില്‍ പൗരന്മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള തീരുമാനം ഇതാദ്യമാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനുള്ള നീക്കമായാണ് സഞ്ചാര വിലക്ക് വിലയിരുത്തപ്പെടുന്നത്.