ശ്രീനഗര്‍: നിയമ വിരുദ്ധമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന 16 പാര്‍ട്ടി അംഗങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ വീട്ടുതടങ്കലിലില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്നാണ് എന്‍.സിയുടെ ആവശ്യം.
മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ”ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ വീട്ടുതടങ്കലില്‍” പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.സി പ്രസിഡന്റും ലോക്‌സഭാ അംഗവുമായ ഫാറൂഖ് അബ്ദുള്ളയും എന്‍.സി വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയും ഹേബിയസ് കോര്‍പ്പസ് ഹരജികള്‍ സമര്‍പ്പിച്ചത് എന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നത്.
അലി മുഹമ്മദ് സാഗര്‍, അബ്ദുള്‍ റഹിം റതര്‍, നസീര്‍ അസ്ലം വാനി, ആഗ സയ്യിദ് മെഹ്മൂദ്, മുഹമ്മദ് ഖലീല്‍ ബന്ദ്, ഇര്‍ഫാന്‍ ഷാ, സഹ്മിമ ഫിര്‍ദസ് എന്നിവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫാറൂഖ് അബ്ദുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്.
മുഹമ്മദ് ഷാഫി ഉറി, ആഗ സയ്യിദ് റുഹുള്ള മെഹ്ദി, ചൗധരി മുഹമ്മദ് റംസാന്‍, മുബാറക് ഗുല്‍, ഡോ. ബഷീര്‍ വീരി, അബ്ദുല്‍ മജീദ് ലാര്‍മി, ബഷറത്ത് ബുഖാരി, ഷൈഫുദ്ദീന്‍ ഭാരി മുഹമ്മദ് ഷാഫി എന്നിവരുടെ വീട്ടുതടങ്കലാണ് ഒമര്‍ അബ്ദുള്ള ചോദ്യം ചെയ്തിരിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ ശരീഖ് റിയാസാണ് ഇരു നേതാക്കള്‍ക്കും വേണ്ടി നിവേദനം നല്‍കിയത്.
കര്‍ശനമായ പൊതുസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം തുടര്‍ച്ചയായി വീട്ടുതടങ്കലില്‍ കഴിയുന്ന പാര്‍ട്ടി അംഗങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം എടുത്തതെന്ന് പാര്‍ട്ടി വക്താവ് ഇമ്രാന്‍ നബി ദാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക