| Sunday, 15th July 2018, 12:37 pm

നവാസ് ഷെരീഫിന്റെ അറസ്റ്റ്; മോദിയെ പരിഹസിച്ചുള്ള കോണ്‍ഗ്രസിന്റെ ട്വിറ്റ് നിരാശപ്പെടുത്തിയെന്ന് ഒമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ട്വീറ്റ് നിരാശപ്പെടുത്തിയെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള.

വിവിധ വിഷയങ്ങളില്‍ മോദിയെ വിമര്‍ശിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള മോദിയുടെ ശ്രമം അതില്‍പ്പെടുന്നതല്ല. പാക്കിസ്ഥാനിലെ ആഭ്യന്തരരാഷ്ട്രീയം എനിക്കറയില്ല. എന്നാല്‍ തന്നെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ട്വീറ്റ് ഏറെ നിരാശപ്പെടുത്തി. – ട്വിറ്ററില്‍ ഒമര്‍ അബ്ദുള്ള പറഞ്ഞു.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് നവാസ് ഷെരീഫ് അറസ്റ്റിലായതിനു പിന്നാലെ മോദിക്കെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മോദിയും ഷെരീഫും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ഷെരീഫ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മോദി പാക്കിസ്ഥാനിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് സുഹൃത്തിന് സംഭവിച്ചതില്‍ എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ ചോദിച്ചത്.

“നവാസ് ഷെരീഫ് അഴിമതി കേസില്‍ അറസ്റ്റിലായിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം”- എന്നായിരുന്നു മോദിയും ഷെരീഫും കൈകോര്‍ത്ത് നടന്നുനീങ്ങുന്ന 2015 ലെ ചിത്രം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് ചോദിച്ചത്.

മോദി സര്‍ക്കാരിന്റെ വിദേശകാര്യ നയത്തെ വിമര്‍ശിച്ചുകൊണ്ടും കഴിഞ്ഞദിവസം കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വിദേശ ശക്തിയുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ വണങ്ങി നില്‍ക്കുകയാണ് മോദി എന്ന് പ്രത്യേക അജണ്ടകള്‍ കൂടാതെ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ നടപടി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.


യു.പിയില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ വെച്ച് ചുട്ടുകൊന്നു


അതിനിടെ, പ്രധാനമന്ത്രി മോദിക്കെതിരെ വിമര്‍ശവുമായി പാകിസ്താന്‍ തെഹ്‌രിക്‌
ഇ ഇന്‍സാഫ് (പി.ടി.ഐ) നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനും രംഗത്തെത്തി.

നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ചേര്‍ന്നാണ് പാക്കിസ്ഥാനിലും അതിര്‍ത്തിയിലും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

ഓരോ തവണ നവാസ് ഷെരീഫ് രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴും അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. ഇത് വെറും യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും ഇമ്രാന്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more