| Thursday, 22nd April 2021, 6:02 pm

ഒരാളുടെ മരണത്തിലും സന്തോഷിക്കാന്‍ ബി.ജെ.പിക്കാര്‍ക്കേ പറ്റൂ; യെച്ചൂരിയുടെ മകന്റെ മരണത്തില്‍ വിദ്വേഷ ട്വീറ്റുമായെത്തിയ ബി.ജെ.പി നേതാവിനെതിരെ ഒമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വിദ്വേഷ പ്രസ്താവനയുമായെത്തിയ ബി.ജെ.പി നേതാവിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഇത്രയും നിലവാരം കുറഞ്ഞ രീതിയില്‍ പെരുമാറാന്‍ ബി.ജെ.പിക്കാര്‍ക്കേ കഴിയുള്ളുവെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

‘ചില പ്രത്യേക _____________ കാറ്റഗറിയില്‍ പെട്ടവര്‍ക്കേ ഒരാളുടെ മകന്‍ മരിച്ചു കിടക്കുമ്പോഴും ഇങ്ങനെ സന്തോഷിക്കാന്‍ കഴിയൂ. ഒരു പാമ്പിന് പോലും ഇഴഞ്ഞു കടന്നു പോകാന്‍ പറ്റാത്ത തരത്തില്‍ നിലവാര തകര്‍ച്ചയുടെ ബാര്‍ താഴ്ത്താന്‍ ബി.ജെ.പിക്കാര്‍ക്ക് കഴിയുമെന്ന് നമുക്ക് ഉറപ്പിക്കാം,’ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ബീഹാര്‍ ബി.ജെ.പി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ മിഥിലേഷ് കുമാര്‍ തിവാരിയാണ് യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തില്‍ വിദ്വേഷ ട്വീറ്റുമായി രംഗത്തെത്തിയത്.

ചൈനീസ് സപ്പോര്‍ട്ടറായ സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് ചൈനീസ് കൊറോണ വന്ന് മരിച്ചുവെന്നായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് മിഥിലേഷ് കുമാര്‍ തിവാരി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആശിഷ് യെച്ചൂരി മരിച്ചത്. 33 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ് യെച്ചൂരി.

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥപനങ്ങളില്‍ പ്രവര്‍ത്തിച്ച ആശിഷ് ഏഷ്യാവില്‍ ഇംഗ്ലീഷിലും പ്രവര്‍ത്തിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Omar Abdullah against BJP leader for his hateful comment against Yechury’s son’s death

We use cookies to give you the best possible experience. Learn more