| Wednesday, 9th October 2024, 1:39 pm

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ വേണ്ടി പരിശ്രമിക്കും: ഒമര്‍ അബ്ദുല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന തന്റെ വാഗ്ദാനം പാലിക്കാന്‍ കഴിയുമെന്ന് കരുതുന്നതായി ജമ്മു കശ്മീര്‍ നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. തന്റെ വാഗ്ദാനം പ്രധാനമന്ത്രി അംഗീകരിക്കുമെന്ന ആത്മവിശ്വാസമുള്ളതായും ഒമര്‍ അബ്ദുല്ല പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വിജയിക്കാത്തതിനാല്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നത് കേന്ദ്രം വൈകിപ്പിക്കാന്‍ കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തോട് ബന്ധം പുലര്‍ത്താതിരിക്കുന്നത് ജമ്മു കശ്മീരിന് പ്രയോജനം ചെയ്യില്ലെന്നും പറഞ്ഞ ഒമര്‍ അബ്ദുല്ല കേന്ദ്രത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്നതിലൂടെ മാത്രമേ ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി ക്രിയാത്മക ബന്ധം പ്രതീക്ഷിക്കുന്നതായും കശ്മീര്‍ വികസനത്തിന്റെ അടിസ്ഥാന ഘട്ടത്തിലാണെന്നും കേന്ദ്ര സര്‍ക്കാരുമായി ആരോഗ്യകരമായ ബന്ധം പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രകടന പത്രികയില്‍ പ്രാധാന്യമുള്ള വാഗ്ദാനങ്ങളില്‍ ഒന്നാണ് കശമീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍. ഭരണം ഏറ്റെടുക്കുന്നതിന് ശേഷമുള്ള സഖ്യത്തിന്റെ പ്രധാന ആവശ്യവും ഇതു തന്നെയായിരിക്കുമെന്നും ഒമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ജമ്മു കശ്മീര്‍ ഫലപ്രഖ്യാപനം വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാഷണല്‍ കോണ്‍ഫറന്‍സിനെ പ്രശംസിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നാലെ അഭിനന്ദന സന്ദേശത്തിന് നന്ദി അറിയിച്ച ഒമര്‍ അബ്ദുല്ല ഫെഡറലിസത്തിന്റെ യഥാര്‍ത്ഥ സ്പിരിറ്റിലുള്ള ബന്ധം പ്രതീക്ഷിക്കുന്നുവെന്ന് മറുപടി നല്‍കിയിരുന്നു.

Content Highlight: omar abdullah about jammu kashmir statehood and central goverment

We use cookies to give you the best possible experience. Learn more