| Sunday, 25th August 2024, 7:46 pm

നന്ദി അമിത് ഷാ, ഞങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ വായിച്ചതിന്: ഒമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസാതാവനകള്‍ക്ക് മറുപടിയുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള.

തന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ശ്രദ്ധിക്കാന്‍ മനസ്സ് കാണിച്ച അമിത് ഷായോട് നന്ദി പറഞ്ഞ പറഞ്ഞ ഒമര്‍ അബ്ദുള്ള പണ്ട് ആളുകള്‍ ഇത് വായിച്ചിരുന്നില്ലെന്നും എന്നാല്‍ അമിത് ഷായുടെ പ്രസ്താവനയോടെ എല്ലാവരും അത് വായിക്കാന്‍ നിര്‍ബന്ധിതരായിരിക്കുയാണെന്നും പ്രതികരിച്ചു.

‘ഞാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ഞങ്ങളുടെ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ ശ്രദ്ധിച്ചതിന് നന്ദി അറിയിക്കുകയാണ്. രാജ്യത്തെ വിദൂര പ്രദേശത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ഒരു പാര്‍ട്ടിയെന്ന നിലയില്‍ ആഭ്യന്തര മന്ത്രി ഞങ്ങളുടെ മാനിഫെസ്റ്റോ കണ്ടത് തന്നെ വലിയ കാര്യമാണ്.

എന്നാല്‍ ഞങ്ങളുടെ മാനിഫെസ്റ്റോയിലെ ഒരു ഖണ്ഡിക മാത്രമാണ് അദ്ദേഹം വായിച്ചത്. മാനിഫെസ്റ്റോയില്‍ ഇല്ലാത്ത പേര് മാറ്റം പോലുള്ള കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് ശേഷം ഞാന്‍, ഞങ്ങളുടെ മാനിഫെസ്റ്റോയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ ഒന്നുകൂടി വായിച്ചുനോക്കി. എന്നാല്‍ അങ്ങനെയൊന്നും കണ്ടില്ല. എന്ത് തന്നെയായാലും അമിത് ഷായ്ക്ക് നന്ദി,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധികാര മോഹം കാരണം കോണ്‍ഗ്രസ് രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും ബലി കഴിപ്പിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ത്തിയത്. നാഷണല്‍ കോണ്‍ഫറസുമായി കോണ്‍ഗ്രസിന്റെ സഖ്യത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.

കശ്മീരിന് പ്രത്യേക പതാക വേണമെന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ , കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 തിരിച്ച് കൊണ്ടുവരുന്നത ഭീകരവാദം പ്രോത്സാഹിപ്പിക്കില്ലേ, അധികാരത്തില്‍ വന്നാല്‍ പാകിസ്ഥാനുമായുള്ള ‘ലോക്‌ട്രേഡ്’ പുനസ്ഥാപിക്കുമോ എന്നിങ്ങനെയുള്ള പത്ത് ചോദ്യങ്ങളായിരുന്നു സഖ്യത്തെചൊല്ലി അമിത് ഷാ കോണ്‍ഗ്രസിനോട് ചോദിച്ചത്.

അതേസമയം 2015ല്‍ ജമ്മു കശ്മീരില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച രാം മാധവിനെ വീണ്ടും തെരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചിരിക്കുകയാണ് ബി.ജെ.പി ദേശീയ നേതൃത്വം. ജമ്മു കശ്മീരിലെ പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി വീണ്ടും അധികാരം പിടിക്കാനുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണ് ഈ ചുമതല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2014ല്‍ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പി.ഡി.പി (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫണ്ട്)യുമായി ചര്‍ച്ചകള്‍ നടത്തി ബി.ജെ.പി സര്‍ക്കാര്‍ രൂപികരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു രാം മാധവ്.

Content Highlight: Omar Abdulla thanking Amit Shah for mentioning National Conference Manifesto

We use cookies to give you the best possible experience. Learn more