ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തേക്ക് ഒരു ‘പിച്ചച്ചട്ടി’യുമായി പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തങ്ങളുടെ പോരാട്ടം സുപ്രീംകോടതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഗുപ്കാര്‍ കമ്മീഷന് കീഴില്‍ പീപ്പിള്‍ അലയന്‍സ് രൂപീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര സര്‍ക്കാരിനോട് യാചിക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നില്ല. ഞങ്ങളുടെ യുദ്ധം സുപ്രീം കോടതിയിലാണ്. മോദിയുടെ അടുത്തേക്ക് പിച്ചച്ചട്ടിയുമായി പോകാന്‍ ഞാന്‍ തയ്യാറല്ല.
ഒരു സര്‍ക്കാരും ഏറെ കാലം വാഴില്ല. ഞങ്ങള്‍ കാത്തുനില്‍ക്കും. പാത്രത്തിലുള്ളതിനെ തിളപ്പിച്ച് കൊണ്ടേയിരിക്കും. ഒരിക്കലും വിട്ട് കൊടുക്കില്ല,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഏറെ നാള്‍ തുറങ്കലിലടക്കപ്പെട്ട ശേഷം പുറത്ത് വരുന്ന ഒരാള്‍ക്ക് സന്തോഷം ഉണ്ടാവുമോ എന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു. കേന്ദ്രത്തിനെതിരെ ഒമര്‍ അബ്ദുള്ളയുടെ ദേഷ്യം കാണാനാകുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘പൊതു സുരക്ഷാ നിയമത്തിന്റെ പേരുപറഞ്ഞ് കാലങ്ങളായി എന്നെ തടവിലാക്കി. അത് എന്റെ ജനതയ്‌ക്കെതിരായ ഭീഷണിയായി ഞാന്‍ കണക്കാക്കുന്നു. എന്റെ ദേഷ്യത്തെ ചോദ്യം ചെയ്യരുത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളെ തുറങ്കിലടച്ചവരെക്കുറിച്ചൊന്നും ചോദിക്കാത്തത്?,’ ഒമര്‍ അബ്ദുള്ള ചോദിച്ചു.
ഞങ്ങളുണ്ടാക്കുന്ന സഖ്യം ആളുകളെ അലോസരപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തങ്ങളും രാഷ്ട്രീയപാര്‍ട്ടികളാണെന്നും ലഡാക്കിലെ മറ്റുള്ളവരില്‍ നിന്നും തങ്ങള്‍ എന്താണ് വ്യത്യസ്തമായി ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
മെഹബൂബ മുഫ്തി 14 മാസത്തോളവും താന്‍ ഒന്‍പത് മാസത്തോളവും തന്റെ അച്ഛന്‍ മാസങ്ങളോളവും തടവിലായിരുന്നു. ഇത്രയും സമയം തന്നെ ധാരാളമായിരുന്നു ഒരു ബദല്‍ നീക്കം നടത്താനെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതിയ സഖ്യം രൂപീകരിച്ചത്.
ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണല്‍ കോണ്‍ഫറന്‍സ്) പുറമെ മെഹബൂബ മുഫ്തി( പി.ഡി.പി), സജാദ് ഗനി ല്യോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്), ജവൈദ് മിര്‍ (പീപ്പിള്‍സ് മൂവ്മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സി.പി.ഐ.എം) എന്നിവരാണ് സഖ്യരൂപീകരണത്തില്‍ സന്നിഹിതരായത്.
ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്.
ചൊവ്വാഴ്ചയാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.
ഇക്കഴിഞ്ഞ ജൂലൈയില്‍ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലായിരുന്നു. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു.
മെഹബൂബ മുഫ്തിയ്ക്ക് പുറമെ കശ്മീരിലെ പ്രധാന നേതാക്കളായ, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള, തരിഗാമി എന്നിവരേയും തടങ്കലിലാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക