| Saturday, 5th February 2022, 9:33 am

കോടതി വിധി വരുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്ത് തന്നെ; ഹിജാബ് നിരോധനത്തിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഹിജാബ് (ശിരോവസ്ത്രം) ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വിധി വരുന്നത് വരെ കോളേജില്‍ പ്രവേശിക്കാനാവില്ല.

സംഭവത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹരജിയിന്മേല്‍ കോടതി തീരുമാനമാകുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്ത് തന്നെ തുടരും. അതായത് ഹൈക്കോടതിയില്‍ നിന്നും വിധി വരാന്‍ വൈകിയാലോ കേസ് നീണ്ടുപോയാലോ, നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിയാണ്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള യൂണിഫോം നിബന്ധന തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു യോഗം ചേര്‍ന്നത്.

വിഷയത്തില്‍ ഹൈക്കോടതി വിധി വന്നതിന് ശേഷമായിരിക്കും പി.യു കോളേജില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ തീരുമാനിക്കുക.

നേരത്തെ സംസ്ഥാനത്തെ പി.യു കോളേജുകളില്‍ യൂണിഫോം സിസ്റ്റം നടപ്പാക്കാന്‍ പ്രീ യൂണിവേഴ്സിറ്റി വകുപ്പ് നടപടികളാരംഭിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ പി.യു കോളേജുകളിലും യൂണിഫോം സിസ്റ്റം നടപ്പാക്കുന്നത് സംബന്ധിച്ച് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരു സമിതിയേയും നിയോഗിച്ചിരുന്നു.

സമിതി റിപ്പോര്‍ട്ട് വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രീ യൂണിവേഴ്സിറ്റി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, കര്‍ണാടക കോളേജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.

വ്യക്തികള്‍ക്ക് സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രഗ്യ സിംഗ് ഠാക്കൂര്‍ എന്നിവരുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ട്, ഇവര്‍ക്ക് കാവി ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരിച്ചത്.

‘ബേഠി ബചാവൊ ബേഠി പഠാവൊ’ എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം പൊള്ളയാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്.

ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ നിലപാടെടുത്തതായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ കോളേജില്‍ നിന്നും ആറ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കുകയായിരുന്നു.

പുറത്താക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പുറത്താക്കിയതിന് ശേഷം കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവര്‍ക്ക് ഹാജരില്‍ ആബ്സെന്റ് (Absent) എന്നാണ് രേഖപ്പെടുത്തുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ തന്നെ പ്രതികരിച്ചിരുന്നു.

വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിലക്കിയ കോളേജ് നടപടി ജില്ലാകളക്ടര്‍ ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നെങ്കിലും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ പുതിയ നിയമം പുറത്തിറക്കുകയും കര്‍ശനമായി പാലിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയുമായിരുന്നു.


Content Highlight: Omar Abdulla, Mehbooba Mufti reaction on hijab ban in Karnataka colleges

We use cookies to give you the best possible experience. Learn more