ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന ആക്രണങ്ങളില്‍ അപലപിക്കാത്ത മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള. രാജ്യത്ത് പലയിടത്തും കശ്മീര്‍ ഉത്പന്നങ്ങള്‍ക്കും കശ്മീരിലെ ജനങ്ങള്‍ക്കും ആളുകള്‍ വിലക്കു കല്‍പിച്ചിരുന്നു.
ഡെറാഡൂണില്‍ മാത്രം നിരവധി കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാല്‍പതു ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ നിരവധി കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണമുണ്ടാവുകയും നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ ജമ്മു കശ്മീരിലേക്ക് പാലായനം ചെയ്യുകയും ചെയ്തിരുന്നു.
“പ്രിയപ്പെട്ട പ്രധാനമന്ത്രീ, കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാമോ. അതല്ല നിങ്ങളുടെ ശ്രദ്ധ ഇങ്ങ് കശ്മീര്‍ വരെ എത്തില്ലെന്നുണ്ടോ”- ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
അതേസമയം കാശ്മീരി വിദ്യാര്‍ത്ഥികള്‍ അക്രമിക്കപ്പെടുന്ന എന്ന വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. “പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം രോഷാകുലമായിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊന്ന് (കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ അക്രമിക്കപ്പെടുന്ന സംഭവം) ഉണ്ടായിട്ടില്ലെന്ന് എനിക്ക് വ്യക്തമാക്കാന്‍ കഴിയും”- എന്നായിരുന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്നും ഇത്തരം ഒരു സംഭവം എവിടെയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
കൊല്‍ക്കത്തയില്‍ വെച്ച് കാശ്മീര്‍ സ്വദേശിയെ അക്രമത്തിനിരയാകുന്ന വിഡിയോ പങ്കു വെച്ച് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ ഒമര്‍. താന്‍ മമതാ ബാനര്‍ജിയുമായി സംസാരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അറസ്റ്റിലായ കുറ്റവാളിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മമത ഉറപ്പു നല്‍കിയതായി ഒമര്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.