ശ്രീനഗര്‍: ജമ്മുകശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നതിനെ “ഗംഭീര ഒത്തുകളി”യെന്ന് വിശേഷിപ്പിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുള്ള. ഈ വേര്‍പിരിയല്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പിലാക്കിയതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
“രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് പി.ഡി.പിയും ബി.ജെ.പിയും ബോളിവുഡ് സിനിമകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയാണ് അവര്‍ അവരുടെ വേര്‍പിരിയല്‍ ചമച്ചത്. ഗംഭീര ഒത്തുകളി. മികച്ച തിരക്കഥ, പക്ഷേ പ്രേക്ഷകര്‍ അത്ര വിഡ്ഢികളല്ല” അദ്ദേഹം ട്വീറ്റു ചെയ്തു.
1977ലെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം “കിസ കുര്‍സി കാ”യില്‍ നിന്നുള്ള ക്ലിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഉമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.
സംസ്ഥാന നിയമസഭ എത്രയും പെട്ടെന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ” എന്തുകൊണ്ട് നിയമസഭ പിരിച്ചുവിടുന്നില്ല? കുതിരക്കച്ചവടമൊന്നുമില്ലെന്ന് ബി.ജെ.പി നേതാവ് രാം മാധവ് പറഞ്ഞതില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ പുതിയ മറ്റുസഖ്യങ്ങളൊന്നുമുണ്ടാവാത്ത സാഹചര്യത്തില്‍ സഭ പിരിച്ചുവിടണം. അല്ലാത്തപക്ഷം അത് ദല്ലാളുകളെ പ്രോത്സാഹിപ്പിക്കുന്നതാണ്.” അദ്ദേഹം കുറിക്കുന്നു.
ജമ്മുകശ്മീരില്‍ കുതിരക്കച്ചവടത്തിന്റെ ഒരു ചോദ്യവുമുയരുന്നില്ലെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഉമര്‍ അബ്ദുള്ളയെന്തിനാണ് പേടിക്കുന്നത്, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തോട് കൂറ് കാണിക്കുന്നവരാണ് എന്നു പറഞ്ഞായിരുന്നു രാം മാധവിന്റെ പരിഹാസം.
തന്റെ എം.എല്‍.എമാരുടെ കൂറില്‍ സംശയമില്ലെങ്കിലും ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി മുഫ്തി സയ്യിദ് മുഫ്തിയുടെ മരണത്തിനുശേഷം പി.ഡി.പിക്ക് സംഭവിച്ചത് നമുക്ക് അറിയാവുന്നതല്ലേയെന്നു പറഞ്ഞായിരുന്നു ഉമര്‍ അബ്ദുള്ള തിരിച്ചടിച്ചത്.
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.