മസ്‌ക്കറ്റ്: ഇസ്‌ലാം വേഷധാരിയെ തീവ്രവാദിയായി മുദ്രകുത്തിയും ഡോ. ബി.ആര്‍ അംബേദ്ക്കറെ ബിരുദധാരിയല്ലാതെ അവതരിപ്പിച്ചും ഒമാനിലെ സീബ് ഇന്ത്യന്‍ സ്‌കൂളിലെ ചോദ്യപേപ്പര്‍.
രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷക്ക് ഇ.വി.എസ് ക്ലാസ് ടെസ്റ്റിന് നല്‍കിയ ചോദ്യേപപ്പറിലെ 17ാമത്തെ ചോദ്യത്തിലായിരുന്നു തൊപ്പിയും താടിയും വെച്ചയാളെ തീവ്രവാദിയാക്കി ചിത്രീകരിച്ചത്.
താഴെ പറയുന്നതില്‍ സമൂഹത്തിന് സഹായി അല്ലാത്തത് ആര് എന്നതായിരുന്നു ചോദ്യം. ഉത്തര സൂചികയായി നല്‍കിയ നാല് ഓപ്ഷനുകളില്‍ ആദ്യത്തേതായി തീവ്രവാദിയെന്ന പേരില്‍ കൈയില്‍ തോക്കുമായി നില്‍ക്കുന്നയാളുടെ പടമാണ് ഉള്ളത്. തൊപ്പി, താടി, നിസ്‌കാര തഴമ്പ് എന്നിവയും പടത്തില്‍ കാണിച്ചിട്ടുണ്ട്.
ചോദ്യപേപ്പറില്‍ വേറെയും അബദ്ധങ്ങള്‍ കടന്ന് കൂടിയിട്ടുണ്ടെന്നും പരാതിയുണ്ട്. 18ാമത്തെ ചോദ്യത്തില്‍ ഡോക്ടറേറ്റ് നേടിയ ബി.ആര്‍ അംബേദ്ക്കറെ ഡോക്ടര്‍ എന്ന് അഭിസംബോധന ചെയ്യാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
നാല് ഡോക്ടറേറ്റുകളും 60 ല്‍ പരം വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഉണ്ടായിരുന്ന ഡോ. അംബേദ്ക്കറെ ഇകഴ്ത്തുനന രീതിയാണിതെന്നും ദളിത് വിരുദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.
കുട്ടികളുടെ മനസിലേക്ക് വിദ്വേഷ ചിന്തകളും തെറ്റായ അറിവുകളും കടത്തി വിടുന്നതാണ് ചോദ്യപേപ്പറെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
ഇസ്‌ലാമിക വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നതാണ് ഇത്തരം നടപടികളെന്നും ഇത്തരം ചോദ്യപേപ്പര്‍ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ചിലര്‍ പ്രതികരിച്ചത്.
സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്. മലയാളികള്‍ക്ക് പുറമെ, സ്വദേശികളും വിദേശികളും ചോദ്യപ്പേറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്.