T20 world cup
നേപ്പാള്‍ മാത്രമല്ല, ഞങ്ങളുമുണ്ടേ ലോകകപ്പിന്; ക്രിക്കറ്റ് ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്താന്‍ ഇവരും
2024 ടി-20 ലോകകപ്പിന് യോഗ്യത നേടി ഒമാന്‍. ലോകകപ്പിന്റെ ഏഷ്യാ ക്വാളിഫയേഴ്‌സില്‍ ബഹ്‌റൈനെ തോല്‍പിച്ചതിന് പിന്നാലെയാണ് ഒമാന്‍ ലോകകപ്പിന് യോഗ്യത നേടിയത്. ഏഷ്യന്‍ ക്വാളിഫയറില്‍ നിന്നും നേപ്പാളും ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
നേപ്പാളിലെ ത്രിഭുവന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ബഹ്‌റൈനെ പത്ത് വിക്കറ്റിന് തോല്‍പിച്ചാണ് ഒമാന്‍ ഫൈനല്‍ ബെര്‍ത്തും ഒപ്പം ലോകകപ്പിനുള്ള യോഗ്യതയും സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ബഹ്‌റൈന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഉമര്‍ ഇംതിയാസിനെ നഷ്ടമായിരുന്നു. അഞ്ച് പന്തില്‍ മൂന്ന് റണ്‍സാണ് ഇംതിയാസ് നേടിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബഹ്‌റൈന്‍ തങ്ങളുടെ ഇന്നിങ്‌സിന് അടിത്തറയിട്ടു.
സര്‍ഫറാസ് തുല്ലാഹും ഇമ്രാന്‍ അലി ബട്ടും ചേര്‍ന്നാണ് ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. 42 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. 23 പന്തില്‍ 23 റണ്‍സ് നേടിയ തുല്ലാഹിനെ പുറത്താക്കി ഷകീല്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്. 23 പന്തില്‍ 30 റണ്‍സ് നേടി ബട്ടും പിന്നാലെ പുറത്തായി.
പിന്നാലെയെത്തിയവരില്‍ അമന്‍ ബിന്‍ നാസറിനൊഴികെ മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 25 പന്തില്‍ 26 റണ്‍സാണ് അമന്‍ നേടിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിന് ബഹ്‌റൈന്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
ഒമാനായി ആഖിബ് ഇല്യാസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷകീല്‍ അഹമ്മദ് രണ്ട് വിക്കറ്റും നേടി. ക്യാപ്റ്റന്‍ സീഷന്‍ മക്‌സൂദ്, ബിലാല്‍ ഖാന്‍, ഫയാസ് ബട്ട് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ കശ്യപ് പ്രജാപതിയുടെയും പ്രതീക് അഥവാലെയുടെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.
സെപ്റ്റംബര്‍ അഞ്ചിനാണ് ഏഷ്യാ ക്വാളിഫയേഴ്‌സിന്റെ ഫൈനല്‍ മത്സരം അരങ്ങേറുന്നത്. യു.എ.ഇയെ തോല്‍പിച്ചെത്തിയ നേപ്പാളാണ് എതിരാളികള്‍.
2024 ടി-20 ലോകകപ്പില്‍ 20 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതില്‍ 18 ടീമുകളാണ് നിലവില്‍ യോഗ്യത നേടിയിരിക്കുന്നത്.
ലോകകപ്പിന്റെ ആതിഥേയരെന്ന നിലയില്‍ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും യോഗ്യത നേടിയപ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നിങ്ങനെ എട്ട് ടീമുകളും നേരിട്ട് യോഗ്യത നേടി.
ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ലോകകപ്പ് കളിക്കാനിറങ്ങുന്നത്.
യൂറോപ്പ് ക്വാളിഫയര്‍ കളിച്ച് അയര്‍ലന്‍ഡും സ്‌കോട്‌ലാന്‍ഡും ലോകകപ്പിന് ടിക്കറ്റുറപ്പിച്ചപ്പോള്‍ ഈസ്റ്റ് ഏഷ്യാ – പസഫിക് ക്വാളിഫയറില്‍ പപ്പുവാ ന്യൂഗിനിയയും മുമ്പോട്ട് കുതിച്ചു.
അമേരിക്കാസ് ക്വാളിഫയറില്‍ കാനഡയും ഏഷ്യാ ക്വാളിഫയറില്‍ നേപ്പാളും ഒമാനും ലോകകപ്പ് കളിക്കാന്‍ യോഗ്യരാണെന്ന് സ്വയം തെളിയിച്ചു.
ആഫ്രിക്ക ക്വാളിഫയേഴ്‌സില്‍ നിന്നുള്ള രണ്ട് ടീമുകള്‍ക്കാണ് ഇനി ലോകകപ്പ് കളിക്കാനുള്ള അവസരമൊരുങ്ങുക. നവംബര്‍ 22 മുതല്‍ 30 വരെ നമീബിയയിലാണ് യോഗ്യതാ മത്സരങ്ങള്‍ അരങ്ങേറുന്നത്.
കെനിയ, നമീബിയ, നൈജീരിയ, റുവാണ്ട, ടാന്‍സാനിയ, ഉഗാണ്ട, സിംബാബ് വേ എന്നീ ടീമുകളാണ് ലോകകപ്പ് യോഗ്യത മോഹിച്ചിറങ്ങുന്നത്.
Content Highlight: Oman qualified for 2024 T20 World Cup