മസ്‌ക്കറ്റ്: ഇസ്രഈലില്‍ നിന്നുമുള്ള സിവിലിയന്‍ യാത്രാ വിമാനങ്ങള്‍ക്ക് ആകാശ പാത തുറന്ന് കൊടുത്ത് ഒമാന്‍ ഭരണകൂടം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മാസങ്ങളായി നടന്നു കൊണ്ടിരിക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒമാന്‍ സര്‍ക്കാരിന്റെ തീരുമാനം.
ഇതോടെ ഇസ്രഈലില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ വേഗത്തില്‍ ഏഷ്യയിലേക്ക് എത്തിച്ചേരാനാകും.
ഒമാന്റെ തീരുമാനത്തെ ചരിത്രപരമെന്ന് ഇസ്രഈല്‍ വിദേശമന്ത്രി എലി കോഹന്‍ വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടാന്‍ തീരുമാനം സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
‘ചരിത്രപരമായ തീരുമാനമാണിത്. ഇനി ഇസ്രഈലില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് തന്നെ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്താനാകും. പൗരന്‍മാര്‍ക്ക് യാത്രാ ചിലവിലും വലിയ കുറവുണ്ടാകും. തീരുമാനം അംഗീകരിച്ച സുല്‍ത്താന്‍ ഹൈഥം ബിന്‍ താരീഖ് അല്‍ സയ്ദിന് ഞാന്‍ നന്ദി അറിയിക്കുന്നു,’ എലി കോഹന്‍ പറഞ്ഞു.
നേരത്തെ സൗദി അറേബ്യയും ഇസ്രാഈലി വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമ പാതയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒമാന്‍ സര്‍ക്കാരുമായും ചര്‍ച്ച നടത്താന്‍ ഇസ്രാഈലിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ അന്ന് ഒമാന്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തിരുന്നില്ല.
മാത്രവുമല്ല ഇസ്രാഈലുമായി ബന്ധം സ്ഥാപിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി രാജ്യത്ത് നിയമവും പാസാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നായിരുന്നു രാജ്യത്ത് നിയമം നടപ്പിലാക്കി ഒമാന്‍ ഭരണകൂടം പ്രസ്താവനയിറക്കിയത്.
ഈ നിയമ പ്രകാരം ഒമാനികള്‍ക്ക് ഇസ്രാഈലുമായോ, ഇസ്രാഈല്‍ പൗരന്മാരുമായോ യാതൊരു ബന്ധവും പുലര്‍ത്താന്‍ അനുമതിയുണ്ടായിരുന്നില്ല.
ഫലസ്തീനികള്‍ക്കെതിരായ ഇസ്രാഈല്‍ അതിക്രമത്തിനതിരെ പ്രതിഷേധിച്ച് കൊണ്ടാണ് രാജ്യത്ത് നിയമം പാസാക്കിയത്. നിയമത്തിന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശെയ്ഖ് അഹമ്മദ് ബിന്‍ ഹമദ് ഖലീലി പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതും വലിയ വാര്‍ത്തയായിരുന്നു.
ഈ നിയമങ്ങളില്‍ അയവ് വരുത്തുന്നതിന്റെ സൂചനയായാണ് ഒമാന്റെ പുതിയ നീക്കത്തെ ലോക രാഷ്ട്രങ്ങള്‍ നോക്കികാണുന്നത്.
Content Highlight: Oman government open its airspace for israel