| Thursday, 22nd June 2023, 6:35 pm

ലോക ക്രിക്കറ്റിലും അറബ് വസന്തം; മുഖവുരകള്‍ ആവശ്യമില്ലാതെ സ്വയം അടയാളപ്പെടുത്തി മുമ്പോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ വിജയത്തിളക്കവുമായി ഒമാന്‍. യു.എ.ഇക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഒമാന്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം ബുലവായോ അത്‌ലറ്റിക് ക്ലബ്ബ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ രണ്ട് ഓപ്പണര്‍മാരും കൂടാരം കയറി.

ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെ പത്ത് പന്തില്‍ നിന്നും എട്ട് റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെ വിക്കറ്റാണ് യു.എ.ഇക്ക് നഷ്ടമായത്. പിന്നാലെ ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ പത്ത് പന്തില്‍ നിന്നും എട്ട് റണ്‍സുമായി രോഹന്‍ മുസ്തഫയും പുറത്തായി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ വൃത്യ അരവിന്ദും റമീസ് ഷഹസാദും അടിത്തറയിട്ട ഇന്നിങ്‌സില്‍ യു.എ.ഇ സ്‌കോര്‍ ഉയര്‍ന്നു. വൃത്യ അരവിന്ദ് 84 പന്തില്‍ നിന്നും 49 റണ്‍സ് നേടിയപ്പോള്‍ ഷഹസാദ് 51 പന്തില്‍ നിന്നും 38 റണ്‍സും നേടി.

44 പന്തില്‍ നിന്നും 27 റണ്‍സുമായി ആസിഫ് ഖാനും സ്‌കോര്‍ ഉയര്‍ത്തി.

എന്നാല്‍ എട്ടാം വിക്കറ്റില്‍ യു.എ.ഇ കരുതിവെച്ച മാജിക്കിന് ഒമാന്‍ ബൗളര്‍മാര്‍ ഒട്ടും തയ്യാറായിരുന്നില്ല. 52 പന്തില്‍ നിന്നും പുറത്താകാതെ 58 റണ്‍സ് നേടിയ അയാന്‍ അഫ്‌സല്‍ ഖാന്‍ എതിരാളികളെ ഒന്നടങ്കം ഞെട്ടിച്ചു. പത്ത് ബൗണ്ടറിയായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ യു.എ.ഇ 227 റണ്‍സ് നേടി.

ഒമാന് വേണ്ടി ജയ് ഒഡേദര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബിലാല്‍ ഖാനും ഫയാസ് ബട്ടും രണ്ട് വിക്കറ്റും വീഴ്ത്തി. ശേഷിക്കുന്ന വിക്കറ്റ് അയാന്‍ ഖാനും സ്വന്തമാക്കിയതോടെ യു.എ.ഇ ഇന്നിങ്‌സ് അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാനും തുടക്കം പാളിയിരുന്നു. ഓപ്പണര്‍മാര്‍ ഒറ്റയക്കത്തിന് കൂടാരം കയറിയപ്പോള്‍ ഒമാന്‍ ആരാധകര്‍ വിറച്ചു. മുന്‍ മത്സരത്തില്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായ കശ്യപ്കുമാര്‍ ഹരീഷ്ഭായ് ആറ് റണ്‍സിന് പുറത്തായപ്പോള്‍ ജതീന്ദര്‍ സിങ് രണ്ട് റണ്‍സിനും പുറത്തായി.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന നൂറ് റണ്‍സ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചു. 75 പന്തില്‍ നിന്നും 53 റണ്‍സുമായി ആഖിബ് ഇല്യാസും 70 പന്തില്‍ നിന്നും 52 റണ്‍സുമായി സോഹിബ് ഖാനും യു.എ.ഇ ബൗളര്‍മാരെ അടിച്ചൊതുക്കി.

ടീം സ്‌കോര്‍ 114ല്‍ നില്‍ക്കവെ ആഖിബ് ഇല്യാസിനെ പുറത്താക്കി രോഹന്‍ മുസ്തഫയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സീഷന്‍ മഖ്‌സൂദ് ഒറ്റ റണ്‍സിന് പുറത്തായി. രോഹന്‍ മുസ്തഫയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയാണ് ക്യാപ്റ്റന്‍ മടങ്ങിയത്.

എന്നാല്‍ ആറാമനായി ഇറങ്ങിയ മുഹമ്മദ് നദീമും അര്‍ധ സെഞ്ച്വറി തികച്ചതോടെ ഒമാന്‍ വിജയം ഉറപ്പിച്ചു.

ഒടുവില്‍ 24 പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ ഒമാന്‍ വിജയം സ്വന്തമാക്കി.

ഇതോടെ ഗ്രൂപ്പ് ബിയില്‍ കളിച്ച രണ്ട് മത്സരവും വിജയിച്ച ഒമാന്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന രണ്ട് ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടും എന്നതിനാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ വിജയിക്കാന്‍ തന്നെയാകും ഒമാന്‍ ഒരുങ്ങുന്നത്.

ജൂണ്‍ 23നാണ് ഒമാന്റെ അടുത്ത മത്സരം. ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍.

Content Highlight: Oman defeats UAE in ICC World Cup Qualifiers

We use cookies to give you the best possible experience. Learn more