ഐ.സി.സി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി ഒമാന്‍. ബുലവായോ അത്‌ലറ്റിക് ക്ലബ്ബ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഓമാന്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഹാരി ടെക്ടറിന്റെയും ജോര്‍ജ് ഡോക്രെലിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ തകര്‍പ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ടെക്ടര്‍ 82 പന്തില്‍ നിന്നും 52 റണ്‍സ് നേടിയപ്പോള്‍ ഡോക്രെല്‍ 89 പന്തില്‍ നിന്നും പുറത്താകാതെ 91 റണ്‍സ് നേടി. ഏഴ് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെയാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ഇതിന് പുറമെ ആന്‍ഡ്രൂ ബാല്‍ബിര്‍ണി (20), പോള്‍ സ്‌റ്റെര്‍ലിങ് (23), ലോര്‍കന്‍ ടക്കര്‍ (26), ഗാരത് ഡെലാനി (20) എന്നിവരും സ്‌കോറിങ്ങില്‍ തങ്ങളുടെ സംഭാവന നല്‍കിയപ്പോള്‍ സ്‌കോര്‍ ഉയര്‍ന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് ഐറിഷ് പട നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് തുടക്കത്തിലേ പിഴച്ചിരുന്നു. ടീം സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെ ഓപ്പണര്‍ ജിതേന്ദ്ര സിങ്ങിനെ ടീമിന് നഷ്ടമായി. ഒമ്പത് പന്തില്‍ നിന്നും ഒറ്റ റണ്‍സ് നേടിയാണ് താരം പുറത്തായത്.
എന്നാല്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒമാന്‍ മത്സരം സ്വന്തമാക്കാനുള്ള അടിത്തറയിട്ടിരുന്നു. ഒമ്പത് റണ്‍സില്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് 103ാം റണ്‍സിലാണ് അവസാനിച്ചത്.
49 പന്തില്‍ നിന്നും 52 റണ്‍സുമായി ആഖിബ് ഇല്യാസാണ് രണ്ടാം വിക്കറ്റായി മടങ്ങിയത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സീഷന്‍ മഖ്‌സൂദിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ കശ്യപ്കുമാര്‍ ഹരീഷ്ഭായ് സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 166ല്‍ നില്‍ക്കവെ കശ്യപിന്റെ വിക്കറ്റും ഒമാന് നഷ്ടമായി. 74 പന്തില്‍ നിന്നും 72 റണ്‍സ് നേടിയാണ് താരം പുറത്തായത്.
പിന്നാലെയെത്തിയ മുഹമ്മദ് നദീമും അയാന്‍ ഖാനും തകര്‍ത്തടിച്ചതോടെ ഒമാന്‍ വിജയത്തിലേക്ക് നടന്നടത്തു.
സീഷന്‍ മഖ്‌സൂദ് 67 പന്തില്‍ നിന്നും 59 റണ്‍സ് നേടിയപ്പോള്‍ നദീം 53 പന്തില്‍ പുറത്താകാതെ 46 റണ്‍സും നേടി. 21 പന്തില്‍ നിന്നും 21 റണ്‍സാണ് അയാന്‍ ഖാന്റെ സമ്പാദ്യം.
ഇതോടെ 11 പന്തും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ ഒമാന്‍ വിജയം പിടിച്ചടക്കുകയായിരുന്നു.
ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തെത്താനും ഒമാന് സാധിച്ചു. ജൂണ്‍ 21നാണ് ഒമാന്റെ അടുത്ത മത്സരം. ബുലവായോ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എ.ഇ ആണ് എതിരാളികള്‍.
Content highlight: Oman defeats Ireland in World Cup Qualifiers