അകലാനൊരുങ്ങി ഒമാന്‍, സുപ്രധാന കരാറില്‍ നിന്നും യു.എ.ഇ പുറത്ത്, പുതിയ സുല്‍ത്താന്റെ പുത്തന്‍ നീക്കങ്ങള്‍
World News
അകലാനൊരുങ്ങി ഒമാന്‍, സുപ്രധാന കരാറില്‍ നിന്നും യു.എ.ഇ പുറത്ത്, പുതിയ സുല്‍ത്താന്റെ പുത്തന്‍ നീക്കങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 12:37 pm

യു.എ.ഇയും ഒമാനും തമ്മില്‍ നയതന്ത്ര മേഖലയില്‍ അകലുന്നതായി റിപ്പോര്‍ട്ടുകള്‍. യു.എ.ഇയുമായുള്ള ഒരു വമ്പന്‍ കരാറില്‍ നിന്ന് ഒമാന്‍ പിന്‍മാറിയതാണ് ഇതിനുള്ള സൂചനകള്‍ നല്‍കുന്നത്. യു.എ.ഇയിലെ ദമാക് ഇന്റര്‍നാഷണല്‍ കമ്പനിയും ഒമാനിലെ ടൂറിസം മേഖലയിലെ നിക്ഷേപ ശാഖയായ ഒമ്‌റാനും തമ്മിലുള്ള കരാറാണ് പിന്‍വലിച്ചിരിക്കുന്നത്.

ഒമാനിലെ മുന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ മരണശേഷം ജനുവരിയില്‍ അധികാരത്തിലേറിയ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്, ജി.സി.സി രാജ്യങ്ങളുമായി പുലര്‍ത്തിയിരുന്ന നയത്തില്‍ പതിയെ വരുന്ന മാറ്റത്തിന്റെ സൂചനയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയുടെയും യു.എ.ഇയുടെയും നയങ്ങളുമായി പൂര്‍ണമായും ഒത്തു പോവുന്നതായിരുന്നില്ല ഒമാന്റെ നയം.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങളില്‍ നിഷ്പക്ഷത നിലനിര്‍ത്താന്‍ ഒമാന്‍ ശ്രദ്ധിച്ചിരുന്നു. ഏതെങ്കിലും പക്ഷത്ത് ചേരാനുള്ള ബാഹ്യസമ്മര്‍ദ്ദങ്ങളെ ഒഴിവാക്കാനും ഖാബൂസ് ശ്രമിച്ചിരുന്നു.

യെമനിലെ ഹൂതികള്‍ക്കെതിരെയുള്ള ജി.സി.സി സഖ്യത്തില്‍ നിന്ന് ഒമാന്‍ വിട്ടു നിന്നിരുന്നു. 2016 ലെ സൗദി-ഇറാന്‍ പ്രശനത്തില്‍ ഇറാനെതിരെ നയമെടുക്കാതിരുന്ന അറബ് രാജ്യമാണ് ഒമാന്‍. 2017 ല്‍ സൗദി, ബഹ്‌റിന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ നിരോധമേര്‍പ്പെടുത്തിയപ്പോള്‍ ഒമാന്‍ ഇതില്‍ പങ്കാളിയായിരുന്നില്ല.

പുതിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദിന്റെ നീക്കം സൗദിയെയും യു.എ.ഇയെയും കൂടുതല്‍ ചൊടിപ്പിക്കാനിടയുണ്ടെന്നാണ് വിദഗ്ധ നിരീക്ഷണം. ഒമാനില്‍ തുര്‍ക്കിയുടെ സ്വാധീനം വളരുന്നതിന്റെ ഭാഗമായാണ് യു.എ.ഇയുമായി അകലുന്നതെന്നും നിരീക്ഷണമുണ്ട്.

ഒമാനിനു മേലുള്ള യു.എ.ഇ. യുടെ സ്വാധീനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

യു.എ.ഇ കമ്പനിയുടെ പദ്ധതിയില്‍ ഒമാനിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാത്തതും പദ്ധതിയുടെ ഭാഗമായെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തുമാണ് കരാറില്‍ നിന്നും പിന്‍മാറുന്നതിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സുല്‍ത്താന്‍ ഖാബൂസിന്റെ പേരിലുള്ള തുറമുഖമുള്‍പ്പെടെ ഒമാനിലെ നിരവധി പ്രധാന പദ്ധതികള്‍ക്ക് ദമാക് ഇന്റര്‍നാഷണല്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട് ഈ മേഖലയെ ടൂറിസ്റ്റ് മേഖലയാക്കി മാറ്റാനുള്ള കരാര്‍ 2017 ല്‍ യു.എ.ഇക്ക് ലഭിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ