| Sunday, 20th October 2019, 6:06 pm

ഇനിമുതല്‍ മസ്‌ക്കത്തിലെ പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് കര്‍ശന നിരീക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മസ്‌കത്ത്: ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന്മേല്‍ മാനവ വിഭവശേഷി മന്ത്രാലയം നിരീക്ഷണമേര്‍പ്പെടുത്തും. രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിന്റെ സഹകരണത്തോടെ പ്രത്യേക സമതി പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അനധികൃത പണമിടപാടുകള്‍ നടത്തുന്നവര്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വേണ്ടത്ര രേഖകളില്ലാതെ ഒമാനില്‍ താമസിച്ചുവരുന്ന, വിദേശികളുടെ പണമിടപാടുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിരീക്ഷണം. വിസയും മറ്റ് രേഖകളുമില്ലാതെ തൊഴില്‍ നിയമം ലംഘിച്ചു് ഒമാനില്‍ തങ്ങുന്ന വിദേശികള്‍, തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാധുവായ രേഖകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് നടപടി. ഇത്തരം പണമിടപാടുകള്‍ നിയമ വിരുദ്ധമായി മാത്രമേ കണക്കാക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് .

പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിനായി ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് പ്രത്യേക സമതി രൂപീകരിച്ചതായും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമം ലംഘിക്കുന്നവരെയും അനധികൃത പണമിടപാടുകള്‍ നടത്തുന്നവരെയും പിടികൂടാന്‍ രാജ്യത്ത് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. 2018ല്‍ 24,356 വിദേശികളാണ് തൊഴില്‍ നിയമം ലംഘിച്ചതിന് ഒമാനില്‍ പിടിയിലായത്.

We use cookies to give you the best possible experience. Learn more