ആദിപുരുഷില്‍ രാമനാവാന്‍ പ്രഭാസിനെ പറഞ്ഞു മനസിലാക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് സംവിധായകന്‍ ഓം റൗട്ട്. കഥാപാത്രത്തെ പറ്റി സംസാരിച്ചപ്പോള്‍ താന്‍ തന്നെയാണോ എന്ന് അദ്ദേഹം ചോദിച്ചിരുന്നുവെന്നും എന്നാല്‍ നേരില്‍ കണ്ട് സിനിമ നരേറ്റ് ചെയ്തപ്പോള്‍ തന്നെ യെസ് പറഞ്ഞുവെന്നും ഓം റൗട്ട് പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ റോളിന് ചേരുന്ന ഏറ്റവും അനുയോജ്യനായ താരമാണ് പ്രഭാസ്. കാരണം അദ്ദേഹത്തിന് പരിശുദ്ധമായ ഒരു മനസുണ്ട്. ഹൃദയത്തിന്റെ പ്രതിഫലനമാണ് കണ്ണില്‍ കാണുന്നത്. പ്രഭാസിന്റെ കണ്ണില്‍ നോക്കിയാല്‍ ആ ആത്മാര്‍ത്ഥയും സത്യസന്ധതയും ജെനുവിനിറ്റിയും കാണാനാവും. അദ്ദേഹം വലിയൊരു താരമാണ്, എന്നാല്‍ വളരെ വിനയാന്വിതനാണ്. അതുകൊണ്ട് ഈ സിനിമയില്‍ അദ്ദേഹത്തെ നായകനാക്കുന്നതിനെ പറ്റി മാത്രമേ എനിക്ക് ചിന്തിക്കാനായുള്ളൂ.
സത്യം പറഞ്ഞാല്‍ ഇത് പ്രഭാസിനെ പറഞ്ഞു മനസിലാക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. കൊവിഡിന്റെ സമയത്ത് അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത് എന്ന് പ്രഭാസ് ചോദിച്ചു. ശ്രീരാമനെയാണ് അവതരിപ്പിക്കേണ്ടത്, രാഘവ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞു. ആര്‍ യു ഷുവര്‍ എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു.
ഇനി ഇത് എങ്ങനെ നടക്കും എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അദ്ദേഹത്തെ പോലെ വലിയൊരു താരത്തോട് സൂം കോളില്‍ കഥ പറയുന്നത് സാധ്യമല്ല. എന്റെ ഭാഗ്യത്തിന് അന്ന് മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് ഒരു പൈലറ്റ് എന്നെ എത്തിച്ചുതന്നു.
പ്രഭാസിനോട് സിനിമ നരേറ്റ് ചെയ്തുകഴിഞ്ഞപ്പോഴേക്കും അദ്ദേഹം വളരെയധികം എക്‌സൈറ്റഡായി. യെസ് പറഞ്ഞു. എന്നെ അദ്ദേഹം എപ്പോഴും പിന്തുണച്ചു, എന്നില്‍ വിശ്വസിച്ചു. ഇനി ഭാവിയിലും എനിക്കൊപ്പം ഉണ്ടാകുമെന്നാണ് വിചാരിക്കുന്നത്,’ ഓം റൗട്ട് പറഞ്ഞു.
Content Highlight: om raut convincing prabhas to play rakhav