| Friday, 6th January 2017, 12:42 pm

വിട പറഞ്ഞത് ഇന്ത്യന്‍ സിനിമയോടൊപ്പം വളര്‍ന്ന കലാകാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ സിനിമ പിറന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജനിച്ചതെങ്കിലും ഓം പ്രകാശ് പുരിയെന്ന കലാകാരന്റെ വളര്‍ച്ചയും ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ വളര്‍ച്ചയും ഏതാണ്ട് ഒരേ കാലയളവിലായിരുന്നു.

സിനിമാചരിത്രത്തില്‍ ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നടയാളപ്പെടുത്തിയിട്ടുള്ള 1950ലായിരുന്നു ഓംപുരിയുടെ ജനനം.  ഹരിയാനയിലെ അംമ്പാലയില്‍ റെയില്‍വേ ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച പുരിയുടെ ജനന തീയ്യതിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പോലെ അനിശ്ചിതത്വം നിറഞ്ഞതാണ്. ജനന സര്‍ട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ലാതിരുന്ന കുട്ടി ഹൈന്ദവ ആഘോഷമായ  ദസറയോടടുത്ത ദിനത്തിലാണ് ജനിച്ചതെന്നായിരുന്നു ഓര്‍മ്മകള്‍. പ്രായപൂര്‍ത്തിയായ ഓം പുരി ബോംബെയില്‍ താമസിക്കുന്ന സമയത്താണ് 1950ലെ ദസറ ദിനമായ ഒക്ടോബര്‍ 18 തന്റെ ജന്മദിനമായി ചേര്‍ക്കുന്നത്.


Also read ‘നിങ്ങള്‍ക്ക് ഇതിന് ആരാണ് അധികാരം തന്നത് ?’ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍


പൂനെ ഫിലിം ഇന്‍സിസ്റ്റ്യൂട്ടില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഓം പുരി 1973ല്‍ നസറുദ്ദീന്‍  ഷായോടൊപ്പം നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും വിദ്യാര്‍ത്ഥിയായിരുന്നു.

സിനിമാ ചരിത്രത്തില്‍ ആധുനിക ഇന്ത്യന്‍ സിനിമയുടെ തുടക്കമായി കണക്കാക്കപ്പെടുന്ന 1970പതുകളിലാണ് ഓം പുരി നാടക കളരിയില്‍ നിന്നും സിനിമയിലെത്തുന്നത്. ശ്യാം ബെനഗള്‍, സത്യജിത് റായ്, ഋതി ഘട്ടക്, മൃണാള്‍ സെന്‍ തുടങ്ങിയ അതുല്ല്യ പ്രതിഭകള്‍ ഇന്ത്യന്‍ സിനിമയെ മുന്നോട്ട് നയിക്കുന്ന കാലഘട്ടമായിരുന്നു അത്. ഘാഷിറാം കോട്‌വാല്‍ എന്ന മറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിലൂടെ 1976ലാണ് ഓം പ്രകാശ് പുരി ആദ്യമായി സ്‌ക്രീനില്‍ തെളിയുന്നത്.

അമരീഷ് പുരി, നസറുദ്ദീന്‍ ഷാ, ഷബാന ഹശ്മി തുടങ്ങിയവരോടൊപ്പം സമാന്തര സിനിമകളിലെ നിറ സാനിധ്യമായി മാറുകയായിരുന്നു ഓം പുരി എന്ന അതുല്ല്യ പ്രതിഭ. ഭവാനി ഭവായ് (1980), സദ്ഗതി(1981), അര്‍ദ് സത്യ(1982),മിര്‍ച്ച് മസാല(1986), ധാരവി(1992) തുടങ്ങിയ ചിത്രങ്ങള്‍ ഓംപുരി എന്ന പ്രതിഭയെ ചലച്ചിത്ര ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയായരുന്നു.

1981ല്‍ ആരോഹനില്‍ ബംഗാളിലെ ദരിദ്ര കര്‍ഷകന്റെ ജീവിതത്തെ അവതരിപ്പിച്ച ഓം പുരിയെ മികച്ച നടനുള്ള ദേശീയ പുരസ്‌കരത്തിനര്‍ഹനാക്കി. ഒരു വര്‍ഷത്തിനു ശേഷം അര്‍ദ് സത്യയിലൂടെ ഒരിക്കല്‍ കൂടി  ഓം പുരി ഈ പുരസ്‌കാരം സ്വന്തമാക്കി. 1982ല്‍ പുറത്തിറങ്ങി എട്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ മഹാത്മാ ഗാന്ധിയുടെ ജീവിതകഥ പറഞ്ഞ “ഗാന്ധി”യിലും ഓം പുരി തന്റെ അഭിനയ പാടവം തെളിയിച്ചിരുന്നു.

തൊണ്ണൂറുകളില്‍ ബ്രീട്ടീഷ് സിനിമകളിലും, ബോളിവുഡിലും സാന്നിധ്യമറിയിച്ച താരത്തിനു മികച്ച അവസരങ്ങളായിരുന്നു ഭാഷാ ചിത്രങ്ങളിലെല്ലാം ലഭിച്ചത്. മറാത്തി, പഞ്ചാബി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട, പാക്കിസ്ഥാനി തുടങ്ങി നിരവധി ഭാഷകളിലായിരുന്നു ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചത്.

സിനിമയ്ക്കു പുറത്തും സജീവമായിരുന്ന താരം  പൂനെ ഫിലും ഇന്‍സിസ്റ്റ്യൂട്ടില്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മ്മാനാക്കിയതിനെതിരായുള്ള വിദ്യാര്‍ത്ഥി സരത്തിലും പങ്കെടുത്തിരുന്നു. ബീഫ് വിവാദം രാജ്യത്തെ വിവാദങ്ങളിലേക്ക് നയിച്ചപ്പോള്‍ മതേതരത്വത്തെ അപകടപെടുത്താന്‍ ബി.ജെ.പി ശ്രമിക്കരുതെന്നു പറഞ്ഞ ഓംപുരി ഏറ്റവും അവസാനമായി പാക് താരങ്ങളെ ഇന്ത്യയില്‍ അഭിനയിപ്പിക്കരുതെന്ന സംഘപരിവാര്‍ നീക്കങ്ങളേയും എതിര്‍ത്തിരുന്നു.

ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 1990ല്‍ രാജ്യത്തെ നാലമാത്തെ സിവിലിയന്‍ ബഹുമതിയായ പത്മ ശ്രീ നല്‍കി ഭാരതം ഓം പുരിയെ ആദരിച്ചിരുന്നു. 66ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം വിടപറയുമ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിനും സാംസ്‌കാരിക രംഗത്തും നികത്താനാകാത്ത നഷ്ടമായി ആ സ്ഥാനം അവശേഷിക്കുകയാണ്.

We use cookies to give you the best possible experience. Learn more