Advertisement
national news
'അമിത് ഷായുമായി സംസാരിക്കും; ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാടുനോക്കി പോകും'; നേതൃത്വത്തിനെതിരെ യു.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 20, 12:11 pm
Tuesday, 20th March 2018, 5:41 pm

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും കൂടിക്കാഴ്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വന്തം പാടുനോക്കി പോകുമെന്നും യു.പി മന്ത്രി ഒ.പി രജ്ബാര്‍. രാഷ്ട്രീയത്തില്‍ ഒരു സഖ്യവും സ്ഥിരമല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ പോള്‍ ബഹിഷ്‌ക്കരിക്കുമെന്ന രജ്ബാറിന്റെ പ്രസ്താവനക്ക് പിന്നാലെ അമിത് ഷാ അദ്ദേഹത്തെ ചര്‍ച്ചക്കായി ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ ബി.ജെ.പിക്ക് മാനസിക നില തെറ്റിയെന്നും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കൃത്യമായ രീതിയിലല്ല ഭരണം നടത്തുന്നതെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.


Dont Miss പാവപ്പെട്ടവരെ പരിഗണിക്കേണ്ട, ക്ഷേത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നായിരുന്നു യോഗിയുടെ നിര്‍ദേശം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യു.പി മന്ത്രി


യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി ഒ.പി രജ്ബാര്‍ രംഗത്തെത്തിയത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ക്ഷേമത്തെ കുറിച്ച് മാത്രം നോക്കിയാല്‍ മതിയെന്നും പാവപ്പെട്ടവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടെന്നുമായിരുന്നു യോഗിയുടെ നിര്‍ദേശം എന്നും യു.പിയിലെ തോല്‍വിക്ക് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യു.പിയില്‍ ഏറെ സ്വാധീനമുള്ള രാജ്ബര്‍ സമുദായത്തില്‍ നിന്നുള്ള പ്രധാന നേതാവാണ് ഓം പ്രകാശ് രാജ്ബര്‍. സുഹല്‍ദേവ് ഭാരത് സമാജ് പാര്‍ട്ടിയെയാണ് ഇദ്ദേഹം പ്രതിനീധികരിക്കുന്നത്. ഈ പാര്‍ട്ടിക്ക് 4 എം.എല്‍.എമാരാണുള്ളത്.

യു.പി. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയാണ് ഓം പ്രകാശ് രാജ്ബര്‍. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കാതെ അഴിമതി നടത്തുകയാണെന്നും അഴിമതി തടയാന്‍ നടപടി എടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം നേരത്തേയും കുറ്റപ്പെടുത്തിയിരുന്നു.