| Friday, 4th March 2022, 3:56 pm

ഞങ്ങളുടെ ഇരട്ടത്താപ്പ് കടക്കാന്‍ നിങ്ങള്‍ക്കാവില്ല, മാര്‍ച്ച് 10ന് ചല്‍ സന്ന്യാസി മന്ദിര്‍ എന്ന പാട്ട് നിങ്ങള്‍ക്ക് കേള്‍ക്കാം: ബി.ജെ.പിയെ ട്രോളി രാജ്ഭര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തപ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുമെന്ന് ഉറപ്പാണെന്ന് സുഹല്‍ദേവ് ഭാരതീയ സമാജ്‌വാദി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍.

സമാജ്‌വാദി പാര്‍ട്ടിയും എസ്.ബി.എസ്.പിയും ചേര്‍ന്ന് ബി.ജെ.പിയെ ഇരട്ടത്താപ്പിട്ട് പൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

‘ഉത്തര്‍പ്രദേശില്‍ നിന്ന് ബി.ജെ.പിയുടെ വിടവാങ്ങല്‍ ആസന്നമാണ്. മാര്‍ച്ച് 10ന് രാവിലെ 10 മണിക്ക്, മേരെ ആംഗ്‌നേ മേ തുംഹാര ക്യാ കാം ഹേ, ചല്‍ സന്യാസി മന്ദിര്‍ മേ എന്നീ ഗാനങ്ങള്‍ മുഴങ്ങും,’ രാജ്ഭര്‍ പറഞ്ഞു.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് എസ്.പിയും എസ്.ബി.എസ്.പിയും ചേര്‍ന്നൊരുക്കിയ ഇരട്ടത്താപ്പ് കടക്കാന്‍ കഴിയില്ല. ഈ തെരഞ്ഞെടുപ്പില്‍ നിലനില്‍പ്പിന് വേണ്ടിയാണ് ബി.ജെ.പി പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഈ തെരഞ്ഞെടുപ്പില്‍ നിലനില്‍പ്പിന് വേണ്ടി പോരാടുകയാണ് ബി.ജെ.പി. ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രിക്ക് തന്റെ പാര്‍ട്ടിക്ക് വേണ്ടി ജില്ല തിരിച്ച് പര്യടനം നടത്തേണ്ടി വരുന്നത്,’ രാജ്ഭര്‍ പറഞ്ഞു.

2017ല്‍ വാരാണസിയിലെ എട്ട് അസംബ്ലി സീറ്റുകളില്‍ ആറെണ്ണം ബി.ജെ.പി നേടിയപ്പോള്‍ ഒരു സീറ്റ് എസ്.ബി.എസ്.പിക്കായിരുന്നു ലഭിച്ചത്.

2017ലെ ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടി എസ്.ബി.എസ്.പി- ബി.ജെ.പി സഖ്യമുണ്ടാക്കിയിരുന്നു. എട്ട് സീറ്റിലേക്ക് മത്സരിച്ച എസ്.ബി.എസ്.പി നാലിടത്ത് വിജയിച്ചിരുന്നു. അന്ന് രാജ്ഭര്‍ ക്യാബിനറ്റ് മന്ത്രിയാവുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തന്റെ പാര്‍ട്ടിയെ അവഗണിക്കുകയാണെന്ന് രാജ്ഭര്‍ ആരോപിച്ചിരുന്നു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, ബി.ജെ.പി അംഗങ്ങളെ ചെരുപ്പ് കൊണ്ട് അടിക്കണമെന്നും രാജ്ഭര്‍ പറഞ്ഞിരുന്നു.

പിന്നീടാണ് സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് എസ്.ബി.എസ്.പി സഖ്യമുണ്ടാക്കുന്നത്.

403 സീറ്റുകളുള്ള യു.പി നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് മാര്‍ച്ച് ഏഴിനാണ് നടക്കുക. വാരാണസിയിലെ എട്ട് നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും.


Content Highlights: Om Prakash Rajbhar trolls BJP

We use cookies to give you the best possible experience. Learn more