ലക്‌നൗ: ബുലന്ദ്ശഹര്‍ കലാപം മുന്‍കൂട്ടി പദ്ധതിയിട്ടു നടപ്പിലാക്കിയ ഗൂഢാലോചനയാണെന്ന ആരോപണം ഏറ്റുപിടിച്ച് യു.പി മന്ത്രിയും. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രിയായ ഓം പ്രകാശ് രാജ്ഭറാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
വി.എച്ച്.പിയും ആര്‍.എസ്.എസും ബജ്‌റംഗദളും മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയ ഗൂഢാലോചനയാണിതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇപ്പോള്‍ ചില ബി.ജെ.പി നേതാക്കളുടെ പേരും പൊലീസ് പറയുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
“വി.എച്ച്.പി, ബജ്‌റംഗദള്‍, ആര്‍.എസ്.എസ് എന്നിവര്‍ മുന്‍കൂട്ടി പദ്ധതിയിട്ട ഗൂഢാലോചനയാണിത്. ചില ബി.ജെ.പി അംഗങ്ങളുടെ പേരും ഇപ്പോള്‍ പൊലീസ് പറയുന്നുണ്ട്. എന്തുകൊണ്ടാണ് മുസ്‌ലീങ്ങളുടെ “ഇജ്തെമാഅ്” പരിപാടി നടന്ന അതേദിവസം തന്നെ പ്രതിഷേധങ്ങളും അരങ്ങേറിയത്? സമാധാനം തകര്‍ക്കാനുള്ള ശ്രമമായിരുന്നു അത്.” അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ബുലന്ദ്ശഹറില്‍ പൊലീസ് ഓഫീസറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട അക്രമസംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയം ഇതിനകം ഉയര്‍ന്നിരുന്നു.
പശുവിന്റെ അവശിഷ്ടം പാടത്ത് തൂക്കിയിട്ട നിലയും സംഭവം അറിഞ്ഞയുടന്‍ ഹിന്ദുത്വ സംഘടനകളുടെ വന്‍ സംഘം തന്നെ അവിടെയെത്തിയെന്നതും ഈ സംശയം ബലപ്പെടുത്തിയിരുന്നു.
Also Read:പശുവിറച്ചി പാടത്ത് തൂക്കിയിട്ട നിലയില്‍, ബുലന്ദ്ശഹര്‍ കലാപം ആസൂത്രിതമെന്ന് സംശയം
പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളാണ് തഹസില്‍ദാര്‍ രാജ്കുമാര്‍ ഭാസ്‌ക്കര്‍. അദ്ദേഹം സംഭവസ്ഥലത്ത് കണ്ട കാഴ്ചകളെ വിശദീകരിക്കുന്നതിങ്ങനെയാണ്.
“”ചത്ത പശുവിന്റെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നു. പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയായിരുന്നു. ഇത് സാധാരണ നടക്കാത്ത സംഭവമാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ അറവകാരൊന്നും ഇങ്ങനെ ചെയ്യില്ല. വളരെ ദൂരെ നിന്ന് പോലും കാണാവുന്ന സ്ഥലമാണിത്.””
പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന വാര്‍ത്ത ഉടനെ തന്നെ തന്നെ ഹിന്ദു യുവവാഹിനി, ശിവസേന, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചെന്ന് തഹസില്‍ദാര്‍ പറയുന്നു. പിന്നീട് ഇവര്‍ ഇത് ട്രാക്ടറില്‍ കയറ്റി ബുലന്ദ്ശഹര്‍-ഗര്‍ഹ്മുക്ടേശ്വര്‍ ഹൈവേയില്‍ കൊണ്ടുപോയിട്ട് പ്രതിഷേധിക്കുകയായിരുന്നു.
ഡിസംബര്‍ 1 മുതല്‍ 3 വരെ മുസ്ലിം വിഭാഗമായ തബ്ലീഗ് ജമാഅത്തിന്റെ “ഇജ്തെമാഅ്” പരിപാടി ബുലന്ദ് ശഹറില്‍ നടന്നിരുന്നു. 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബുലന്ദ്ശഹര്‍ ദേശീയ പാതയിലൂടെയാണ് ഈ ആളുകള്‍ സഞ്ചരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലവും സമയവും സംശയസ്പദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.