ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഒമിക്രോണിനേക്കാള്‍ വളരെ അപകടകരമാണ് ഓ മിത്രോം എന്ന് അദ്ദഹം ട്വീറ്റിലൂടെ പറഞ്ഞു. വര്‍ധിച്ചുവരുന്ന ധ്രുവീകരണം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒമിക്രോണിനേക്കാള്‍ വളരെ അപകടകരമാണ് ഓ മിത്രോം. വര്‍ധിച്ചുവരുന്ന ധ്രുവീകരണം, വിദ്വേഷം, മതഭ്രാന്ത് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണത്, ഭരണഘടനയ്‌ക്കെതിരായ വഞ്ചനാപരമായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയുടെയൊക്കെ അനന്തരഫലങ്ങള്‍ ഞങ്ങള്‍ ഓരോ ദിവസവും അളക്കുകയാണ്,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
Far more dangerous than #Omicron is “O Mitron”! We are measuring the consequences of the latter every day in increased polarisation, promotion of hatred & bigotry, insidious assaults on the Constitution & the weakening of our democracy. There is no “milder variant” of this virus.
നേരത്തെ ശശി തരൂര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോ പങ്കിടുകയും ധ്രുവീകരണമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് അദ്ദേഹം രാജ്യത്തിന് എത്രമാത്രം നാശമുണ്ടാക്കിയെന്ന് അറിയില്ല എന്നായിരുന്നു വീഡിയോ പങ്കുവെച്ച് തരൂര്‍ പറഞ്ഞത്.
അതേസമയം, ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയത്തിന് അതീതമായ കൊവിഡ് മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.