| Sunday, 30th June 2019, 3:33 pm

അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ബുള്ളറ്റ് ദൈവം; വഴിപാട് ബിയര്‍;ജോധ്പൂരിലെ ക്ഷേത്രം അല്‍പ്പം വ്യത്യസ്തമാണ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുള്ളറ്റില്‍ ഒന്നു കറങ്ങിയിട്ട് വരാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ബുള്ളറ്റിനോട് മിക്കവര്‍ക്കും ഭ്രാന്താണ്. ഇതേ ബുള്ളറ്റിനെ ദൈവമായി കണ്ട് ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയില്‍. രാജസ്ഥാനിലെ ജോധ്പ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി ഛോട്ടില എന്ന സ്ഥലത്താണ് ഓം ബന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബുള്ളറ്റ് ബാബ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. കിടിലനൊരു ബുള്ളറ്റാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിനെ ബുള്ളറ്റ് ബാബ എന്നാണ് നാട്ടുകാര്‍ വിളിയ്ക്കുന്നത്.

ഛോട്ടില ഗ്രാമത്തലവന്റെ മകന്‍ ഓം സിംഗ് റാത്തോഡിന്റേതാണ് ഈ ബുള്ളറ്റ്. 1991ലെ അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടു. പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയ വാഹനം പിറ്റേ ദിവസം അപകടം നടന്ന സ്ഥലത്ത് ഇരിക്കുന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ സാധിച്ചത്. അവര്‍ വീണ്ടും ഇത് സ്റ്റേഷനിന്‍ കൊണ്ടു വച്ചു. ഒപ്പം ആരും എടുത്തു കൊണ്ട് പോകാതിരിക്കാന്‍ പെട്രോളും കാലിയാക്കി. എന്നാല്‍, പിറ്റേ ദിവസവും ബുള്ളറ്റ് അപകടസ്ഥലത്ത് എത്തി. അതോടെ, വാഹനം ഓം സിംഗിന്റെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പിന്നീട് ഈ ബുള്ളറ്റ് ഒരു ഗുജറാത്ത് സ്വദേശി വാങ്ങി. എന്നാല്‍ വീണ്ടും വാഹനം അപകട സ്ഥലത്ത് എത്തിയത്രേ. അതോടെ ആളുകള്‍ സിംഗിന്റെ ദൈവമായി കണ്ട് ആരാധിച്ചു തുടങ്ങി.

പതുക്കെ ഇവിടം വലിയ തിരക്കുള്ള ആരാധനാലയമായി മാറി. നിരവധി കഥകളും പ്രചരിച്ചു തുടങ്ങി. അപകടംപറ്റിയാല്‍ ബാബ രക്ഷിക്കുമെന്നാണ് പ്രദേശ വാസികളുടെ വിശ്വാസം.

ബൈക്കിനു മുകളിലൂടെ ബിയര്‍ ഒഴിച്ചു കൊടുക്കുന്നതാണ് വഴിപാട്. ബുള്ളറ്റ് ബിയര്‍ തന്നെ ആയാല്‍ വഴിപാടിന് കൂടുതല്‍ ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം..

ആഗ്രഹങ്ങള്‍ സാധിക്കാന്‍ ക്ഷേത്ര പരിസരത്തെ മരത്തില്‍ തൂവാലകള്‍ കെട്ടുന്നതും പതിവാണ്. ഇതെല്ലാം വേണ്ട വിധത്തില്‍ ചെയ്യാന്‍ പൂജാരികളുമുണ്ട്. ക്ഷേത്രത്തിന് മുന്നില്‍ എത്തുമ്പോള്‍ ഹോണ്‍ മുഴക്കുന്നതാണ് മറ്റൊരു വഴിപാട്. ഇങ്ങനെ ഹോണ്‍ മുഴക്കിയില്ലെങ്കില്‍ തിരികെ വീട്ടില്‍ എത്തില്ലെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന രാജ ഭരണ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് രാജസ്ഥാനിലെ ഓരോ നിര്‍മ്മിതികളും. പ്രശ്‌സ്തമായ കുളങ്ങളും തടാകങ്ങളും കെട്ടിടങ്ങളും ക്ഷേത്രങ്ങളും ഒപ്പം കഥകളും വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം നിറഞ്ഞതാണ് രാജസ്ഥാന്‍. അതില്‍ വളരെ വിചിത്രവും വെറും 26 കൊല്ലത്തോളം മാത്രം പഴക്കമുള്ളതുമാണ് ബുള്ളറ്റ് ബാബാ ക്ഷേത്രം.

Latest Stories

We use cookies to give you the best possible experience. Learn more