പ്യൂപ്പ/അലി
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കായിക മഹാമഹം ആരംഭിക്കുകയാണല്ലോ. അപ്പോള്‍ അതിനെ കുറിച്ചു തന്നെയാവട്ടെ ഇന്നത്തെ പ്യൂപ്പ. എന്താണ് ഒളിമ്പിക്‌സ് എന്നു ചോദിച്ചാല്‍ വിവിധയിനങ്ങളിലായി ആയിരക്കണക്കിന് കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മത്സരമാണെന്ന് പറയാം. ഏതാണ്ട് 200ല്‍പരം രാജ്യങ്ങള്‍ ഈ കായിക മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ നാലു വര്‍ഷങ്ങള്‍ കൂടുന്തോറുമാണ് ഒളിമ്പിക്‌സ് നടക്കുന്നത്. എന്നാല്‍ ഈ കായിക മത്സരം ഉയര്‍ന്നു വരുന്നതിന് ഒരു വലിയ ചരിത്രം തന്നെയുണ്ടെന്ന് കൂട്ടുകാര്‍ കേട്ടിട്ടുണ്ടാവും.
[]
വാസ്തവത്തില്‍ ഇത് ഒരു പുരാതന കായിക മത്സര സമ്പ്രദായമാണ്. അങ്ങ് ഗ്രീസ്സിലെ ഒളിമ്പിയയില്‍ നടന്നത്. ക്രിസ്തു ജനിക്കുന്നതിനും മുമ്പാണ് കേട്ടോ. ഏകദേശം ബി.സി. 8-ാം നൂറ്റാണ്ടുമുതല്‍ 4-ാം നൂറ്റാണ്ടുവരെ. സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലെന്നാണല്ലോ ഗ്രീസ് അറിയപ്പെടുന്നത്.
ഇന്നു നാം കാണുന്ന ഒളിമ്പിക്‌സ് പുനരാരംഭിക്കുന്നത് ബാരണ്‍ പിയറി ഡെ കൂബര്‍ട്ടിന്‍ ആണ്. അദ്ദേഹം ഫ്രാന്‍സിലെ ഒരു വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനുമാണ്. 1894ല്‍ അദ്ദേഹം അന്താഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി)യ്ക്ക് രൂപം നല്‍കി. അതുകൊണ്ട് ആധുനിക ഒളിമ്പിക്‌സിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഹെര്‍ക്കുലീസും സിയൂസും
വളരെ രസകരമായ കഥകളാണ് ഒളിമ്പിക്‌സിനു പിന്നിലുള്ളത്, അതിന്റെ ചരിത്രത്തിനുള്ളത്. പുരാതന ഗ്രീസ്സിലെ നഗര രാഷ്ട്രങ്ങള്‍ തമ്മിലായിരുന്നു മത്സരം. പ്രധാനമായും കായിക മത്സരങ്ങള്‍. എങ്കിലും ചിലപ്പോഴവര്‍ രഥമഹോത്സവങ്ങളും നടത്താറുണ്ടായിരുന്നു. പുരാതന കാലഘട്ടത്തില്‍ രാജ്യാതിര്‍ത്തി വികസിപ്പിക്കാനായി പരസ്പരം പോരാടിയിരുന്ന രാജ്യങ്ങളായിരുന്നു ലോകമെങ്ങുമുള്ളത് എന്ന് അറിയാമല്ലോ. എന്നിരുന്നാലും ഗ്രീസില്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ മറ്റെല്ലാ ശത്രുതകളും ഈ നഗര രാഷ്ട്രങ്ങള്‍ മാറ്റിവെച്ചിരുന്നു. ഇന്നത്തെ പദപ്രയോഗം ഉപയോഗിക്കുകയാണെങ്കില്‍ “താല്‍ക്കാലികമായ ഒരു വെടിനിര്‍ത്തല്‍” എന്നു വേണമെങ്കില്‍ പറയാം.
ഗ്രീസില്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ മറ്റെല്ലാ ശത്രുതകളും ഈ നഗര രാഷ്ട്രങ്ങള്‍ മാറ്റിവെച്ചിരുന്നു. ഇന്നത്തെ പദപ്രയോഗം ഉപയോഗിക്കുകയാണെങ്കില്‍ ‘താല്‍ക്കാലികമായ ഒരു വെടിനിര്‍ത്തല്‍’ എന്നു വേണമെങ്കില്‍ പറയാം.
ഒളിമ്പിക്‌സുമായി ഒട്ടനവധി ഐതിഹ്യങ്ങളും ഉണ്ട്. ഇതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് ഹെര്‍ക്കുലീസിന്റെയും സിയൂസിന്റെയുമാണ്. ഗ്രീക്ക് ഐതിഹ്യ പ്രകാരം രണ്ടുപേരും ദേവന്‍മാരാണ് കേട്ടോ. ഇവരാണ് ഒളിമ്പിക്‌സ് തുടങ്ങിവെച്ചത്. ഹെര്‍ക്കുലീസ് എന്നത് റോമാക്കാര്‍ വിളിക്കുന്ന പേരാണ്. ഗ്രീസ്സില്‍ ഹെര്‍ക്കുലീസ് ദേവന്‍ ഹെരാക്ലിസ് എന്നാണ് അറിയപ്പെടുന്നത്.
ഈ ഐതിഹ്യ പ്രകാരം ഹെര്‍ക്കുലീസാണ് ആദ്യമായി ഈ മത്സരങ്ങളെ “ഒളിമ്പിക്‌സ്” എന്നു വിളിച്ചത്. മാത്രമല്ല നാലുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വിധം ഒളിമ്പിക്‌സ് സ്ഥാപിക്കുന്നതും. ഹെരാക്ലിസ്സിനു ശേഷം ഒരു മതപുരോഹിതന്‍ അദ്ദേഹത്തിന്റെ പന്ത്രണ്ട് തൊഴിലാളികള്‍ എന്ന ശില്പം പൂര്‍ത്തിയാക്കുകയും ഒപ്പം സിയൂസ് ദേവന് സമര്‍പ്പിക്കാന്‍ ഒളിമ്പിക് സ്‌റ്റേഡിയം നിര്‍മ്മിക്കുകയും ചെയ്തു. സ്‌റ്റേഡിയം എന്ന വാക്കിന്റെ ഉല്‍പ്പത്തി ഇവിടെ നിന്നാണ് ഉണ്ടാകുന്നതെന്ന് കൂടി കൂട്ടത്തില്‍ പറയട്ടെ. അന്ന് ഈ സ്‌റ്റേഡിയത്തില്‍ ഇറങ്ങിയ പുരോഹിതന്‍ 200 അടി നടക്കുന്നു. എന്നിട്ട് ഈ അകലത്തെ അദ്ദേഹം “സ്‌റ്റേഡിയന്‍” (ലത്തീന്‍ ഭാഷയില്‍ സ്‌റ്റേഡിയം) എന്നു വിളിച്ചു. അങ്ങനെയാണ് ഗ്രീക്കിലെ ദൂരമളക്കുന്ന പ്രധാന യൂണിറ്റ് ആയ സ്‌റ്റേഡിയം ഉണ്ടായത്.
ക്രിസ്തുവിനു മുമ്പ് 776ലാണത്രേ പുരാതന ഒളിമ്പിക്‌സിന്റെ കടന്നുവരവ്. ഒളിമ്പിയയില്‍ തന്നെ കണ്ടെത്തിയ ഒരു പുരാലിഖിതമാണ് ഇതിന് ആധാരം.
ക്രിസ്തുവിനു മുമ്പ് 776ലാണത്രേ പുരാതന ഒളിമ്പിക്‌സിന്റെ കടന്നുവരവ്. ഒളിമ്പിയയില്‍ തന്നെ കണ്ടെത്തിയ ഒരു പുരാലിഖിതമാണ് ഇതിന് ആധാരം. ഇനി ആദ്യത്തെ ഒളിമ്പിക്‌സ് ജേതാവാരാണെന്നറിയണ്ടേ? ഈലിസിലുള്ള ഒരു പാചകക്കാരന്‍!!! കോറിയോബസ് എന്നാണ് അദ്ദേഹത്തിന്റെ പേര്.
ഓളിമ്പിക്‌സ് കത്തി നിന്നിരുന്നത് ക്രിസ്തുവിനുമുമ്പ് 65 നൂറ്റാണുകളിലാണ്. പിന്നീടതിന്റെ പ്രാധാന്യം കുറഞ്ഞു വരാന്‍ തുടങ്ങി. എന്നാല്‍ എന്നാണ് പുരാതന ഒളിമ്പിക്‌സ് അവസാനിച്ചതെന്ന് ഒദ്യോഗികമായി ആര്‍ക്കും അറിയില്ല. എന്നാലും എ.ഡി 393ല്‍ റോമാ ചക്രവര്‍ത്തിയായ തീയോദോസിയൂസ് ഒന്നാമനാണ് ഇത് അവസാനിപ്പിച്ചെതെന്ന് കരുതപ്പെടുന്നു. എന്നാല്‍ അതല്ല കഥയെന്നും എ.ഡി. 426ല്‍ എല്ലാ ഗ്രീക്ക് ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ഉത്തരവ് നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ തിയോദോസിയൂസ് രണ്ടാമനാണ് ആ കടുംകൈ ചെയ്തതെന്നും മറ്റൊരു ഭാഷ്യം. അതിനു ശേഷം 19ാം നൂറ്റാണ്ടില്‍ കുബര്‍ട്ടിന്റെ കാലം വരെ ഒളിമ്പിക്‌സിനെ മനുഷ്യര്‍ മറന്നു കഴിഞ്ഞിരുന്നു.
ആദ്യ ആധുനിക ഒളിമ്പിക്‌സ്
അതെ ഒളിമ്പിക്‌സിന്റെ ചരിത്രം പറയുമ്പോള്‍ ഒളിമ്പിക് ചിഹ്നങ്ങളുടെ ചരിത്രം കൂടി പറയാതെ പോകാനാവില്ല.
ആധുനിക ഒളിമ്പിക്‌സ് പിന്നീട് ഉയിര്‍ക്കൊള്ളുന്നത് കുബര്‍ട്ടിന്റെയൊക്കെ ശ്രമഫലമായാണെന്ന് നേരത്തെ പറഞ്ഞത് കൂട്ടുകാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. 19ാം നൂറ്റാണ്ടില്‍. കൃത്യമായി പറഞ്ഞാല്‍ 1896ല്‍. 14 ദേശങ്ങളില്‍ നിന്നായി 43 ഇനങ്ങളില്‍ 241 മത്സരാര്‍ത്ഥികള്‍ അങ്കം കുറിച്ചു. ഏതന്‍സിലെ പനാതെനിയാക് സ്‌റ്റേഡിയമായിരുന്നു ആധുനിക ഒളിമ്പിക്‌സിന്റെ ആഥിതേയ വേദി. അക്കാലത്തു തന്നെയാണ് ഒളിമ്പിക്‌സ് പല ദേശങ്ങളിലായി മാറിമാറി നടത്തപ്പെടുന്ന സമ്പ്രദായവും ആരംഭിച്ചത്. അങ്ങനെ പാരീസിന് രണ്ടാമത്തെ ആഥിതേയ രാഷ്ട്രമാകാനും കഴഞ്ഞു.
ഒളിമ്പിക്‌സ് എന്നു കേള്‍ക്കുമ്പോള്‍ കൂട്ടുകാരുടെ മനസ്സില്‍ അഞ്ച് വളയങ്ങളുടെ ചിത്രം ഓടിയെത്തിയിട്ടുണ്ടാകും അല്ലേ. അതെ ഒളിമ്പിക്‌സിന്റെ ചരിത്രം പറയുമ്പോള്‍ ഒളിമ്പിക് ചിഹ്നങ്ങളുടെ ചരിത്രം കൂടി പറയാതെ പോകാനാവില്ല. അഞ്ചു നിറങ്ങളിലുള്ള ചിത്രങ്ങള്‍. അഞ്ചു നിറങ്ങളും അഞ്ച് ഭൂഖണ്ഡങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ ഐക്യം വിളിച്ചോതുന്നതാണ് ഒളിമ്പിക് വളയങ്ങള്‍.
അതുപോലെ തന്നെ ഒളിമ്പിക് ആപ്തവാക്യം എന്താണെന്ന് കൂട്ടുകാര്‍ക്കറിയാമോ? “സിറ്റിയസ്, ആല്‍റ്റിയസ്, ഫോര്‍ട്ടിയസ്” അഥവാ വേഗത്തില്‍, ഉയരത്തില്‍, ശക്തിയില്‍. ഇനി ദീപശിഖയുടെ കാര്യം. ഒളിമ്പിയയില്‍ നടക്കുന്ന മത ചടങ്ങുകള്‍ക്ക് ശേഷമാണ് ദീപശിഖ തെളിയിക്കുന്നത്. അതും എങ്ങനെയാണെന്നോ? ഗ്രീക്ക് പുരോഹിതയുടെ വേഷം ധരിച്ച നര്‍ത്തകി കുഴിഞ്ഞ കണ്ണാടിയില്‍ സൂര്യ പ്രകാശം പതിപ്പിച്ച് അതില്‍ നിന്നുണ്ടാകുന്ന ജ്വാലയില്‍ നിന്നാണ് ദീപ ശിഖ തെളിയിക്കുന്നത്.
ഒരു ചെറിയ കാര്യം കൂടി പറഞ്ഞ് നമുക്ക് ഈ ഒളിമ്പിക് വിശേഷം അവാനിപ്പിക്കാം. ഓരോ തവണയും ഒളിമ്പിക്‌സ് വേദി മാറിക്കൊണ്ടിരിക്കുമെന്ന് പറഞ്ഞല്ലോ. ഏഴു വര്‍ഷത്തിനു മുമ്പേ ആഥിതേയ രാഷ്ട്രമേതാണെന്ന് പ്രഖ്യാപിക്കും. ഇത്തവണ ഇംഗ്ലണ്ട്. അടുത്ത തവണ 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ഒളിമ്പിക്‌സ് നടക്കുക. ഒളിമ്പിക്‌സ് നടക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യം എന്ന പ്രത്യേകതകൂടി റിയോ ഡി ജനീറയ്ക്കുണ്ട് കേട്ടോ.