ന്യൂയോര്‍ക്ക്: ഉത്തേജകമരുന്ന് ഉപയോഗിച്ചതായി അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ച മുന്‍ ലോക സൈക്ലിങ് ഇതിഹാസം ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ ഒളിമ്പിക് മെഡല്‍ തിരിച്ചെടുക്കാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ലെന്ന് കമ്മിറ്റി.
ഒളിമ്പിക് മെഡലിന്റെ കാര്യത്തില്‍ ഇപ്പോള്‍ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്ന പക്ഷമാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക്. റിപ്പോര്‍ട്ടുകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ നടപടിയെടുത്താല്‍ അത് ഏറെ നേരത്തേയായിപ്പോകുമെന്നുമാണ് ഒളിമ്പിക് കമ്മിറ്റിയുടെ നിലപാട്.[]
2000 സിഡ്‌നി ഒളിമ്പിക്‌സില്‍ സൈക്ലിങ്ങില്‍ ആംസ്‌ട്രോങ് വെങ്കലം നേടിയിരുന്നു. ഏഴു വട്ടം ടൂര്‍ ദെ ഫ്രാന്‍സ് കിരീടം നേടിയ ആംസ്‌ട്രോങ് ഏറെക്കാലമായി ഉത്തേജക മരുന്നിന്റെ ബലത്തിലാണ് ഈ നേട്ടമെല്ലാം കൊയ്തതെന്ന് തെളിഞ്ഞിരുന്നു.
ഇക്കാര്യം അമേരിക്കന്‍ ഉത്തേജക വിരുദ്ധ ഏജന്‍സി കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ആംസ്‌ട്രോങ് ലോകത്തെ വഞ്ചിക്കുകയായിരുന്നെന്നും വെളിപ്പെടുത്തി.
ആയിരം പേജുകളോളം വരുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ആംസ്‌ട്രോങ്ങിന്റെ സഹതാരങ്ങളുടെ മൊഴികള്‍ അടക്കമുള്ള ശക്തമായ തെളിവുകളുണ്ട്. ഈ തെളിവുകളൊന്നും നിഷേധിക്കാന്‍ ആംസ്‌ട്രോങ് തയ്യാറായിട്ടുമില്ല.
എന്നാല്‍, യു.എസ് ആന്റി ഡോപിങ് ഏജന്‍സി ആംസ്‌ട്രോങ്ങിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ടൂര്‍ ദെ ഫ്രാന്‍സ് കിരീടങ്ങള്‍ തിരിച്ചെടുത്തിട്ടുണ്ട്.