ന്യൂദല്‍ഹി: ഒളിമ്പിക്‌സില്‍ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഫെമിനിസ്റ്റ് സോളിഡാരിറ്റി. 113 പേര്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ വിനേഷിന്റെ അയോഗ്യതയ്ക്ക് കാരണമായ വിഷയങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
‘ആശംസകള്‍, നിങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. ഞങ്ങളുടെ മനസ്സില്‍ നിങ്ങളാണ് യഥാര്‍ത്ഥ വിജയി.’എന്നിങ്ങനെ പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം സെമി ഫൈനല്‍ മത്സരത്തില്‍ വീറോടെ പോരാടിയ നീയാണ് യഥാര്‍ത്ഥ ഹീറോ. നിന്റെ കഴിവ് വാക്കുകള്‍ക്ക് അതീതമാണ്. നിനക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ ഒന്നും തന്നെയില്ല’എന്നും കത്തില്‍ പറയുന്നു.
നിലവില്‍ സംഭവിച്ച തിരിച്ചടിയില്‍ നിരാശപ്പെടരുത്. ഭാരവ്യത്യാസത്തില്‍ വന്ന പിഴവ് ഒരിക്കലും നിങ്ങളുടെ തെറ്റല്ല. നിങ്ങള്‍ പാരിസില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ നിങ്ങളുടെ വിജയം ആഘോഷിക്കാന്‍ ഞങ്ങള്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടും. മെഡല്‍ നേടുക എന്നത് മാത്രമല്ല വിജയത്തിന്റെ അളവുകോല്‍. മറിച്ച് അത് കഠിനാധ്വാനത്തിന്റെയും ധൈര്യത്തിന്റെയും മാനദണ്ഡത്തിലാണ് തീരുമാനിക്കപ്പെടുന്നത്. എന്നിങ്ങനെയായിരുന്നു കത്തിന്റെ ഉള്ളടക്കം.
ഒളിമ്പിക്‌സില്‍ വനിതാ ഗുസ്തി താരങ്ങളുടെ ഫൈനലിന് ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കവെയാണ് 100 ഗ്രാം അധിക ഭാരം ചൂണ്ടിക്കാട്ടി വിനേഷിനെ മത്സരത്തില്‍ നിന്ന് അയോഗ്യയാക്കുന്നത്. ഇതോടെ താരത്തിന് ലഭിക്കുമെന്ന് ഉറപ്പിച്ച വെള്ളി മെഡല്‍ നഷ്ടമാവുകയും അവസാന റാങ്കിങ്ങിലേക്ക് നീക്കപ്പെടുകയും ചെയ്തിരുന്നു.
ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ പ്രധാന മുഖമായിരുന്നു വിനേഷ് ഫോഗട്ട്.
അയോഗ്യതയ്ക്ക് ശേഷം വിനേഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി സിനിമാ കായിക താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മലയാളത്തില്‍ നിന്ന് നടന്‍ മമ്മൂട്ടി,മോഹന്‍ ലാല്‍ എന്നിവരും ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, വിക്കി കൗശാല്‍ എന്നിവരും മുന്നോട്ട് വന്നിരുന്നു.
Content Highlight: Letter of Feminist Solidarity With Vinesh Phogat