സംഭവിച്ചത് ഹിമാലന്‍ അബദ്ധം, സൗത്ത് കൊറിയയെ നോര്‍ത്ത് കൊറിയയാക്കി; മാപ്പുമായി ഒളിമ്പിക്‌സ് ഫെഡറേഷന്‍
Olympics
സംഭവിച്ചത് ഹിമാലന്‍ അബദ്ധം, സൗത്ത് കൊറിയയെ നോര്‍ത്ത് കൊറിയയാക്കി; മാപ്പുമായി ഒളിമ്പിക്‌സ് ഫെഡറേഷന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th July 2024, 4:36 pm

 

പാരീസ്: ഒളിമ്പിക്‌സിന് തിരി തെളിഞ്ഞ ആദ്യ മണിക്കൂറുകളില്‍ തന്നെ വിവാദങ്ങളും ഉടലെടുത്തിരിക്കുകയാണ്. ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ രാജ്യങ്ങളുടെ പരേഡിനിടെ സംഘാടകര്‍ക്ക് സംഭവിച്ച അബദ്ധമാണ് ചര്‍ച്ചയാകുന്നത്.

പരേഡില്‍ സൗത്ത് കൊറിയന്‍ ടീമിനെ നോര്‍ത്ത് കൊറിയ എന്ന് തെറ്റി അഭിസംബോധന ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. നോര്‍ത്ത് കൊറിയയുടെ യഥാര്‍ത്ഥ പേരിലാണ് സൗത്ത് കൊറിയന്‍ അത്‌ലീറ്റുകളെ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.

 

 

ആദ്യം ഫ്രഞ്ച് ഭാഷയില്‍ ‘Republique populaire democratique de Coree’ എന്നും ശേഷം ഇംഗ്ലീഷില്‍ ‘ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ (Democratic People’s Republic of Korea) എന്നുമാണ് അനൗണ്‍സര്‍ അഭിസംബോധന ചെയ്തത്.

അനൗണ്‍സറുടെ നാക്കുപിഴയ്ക്ക് പിന്നാലെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി ഖേദപ്രകടനവും നടത്തിയിരുന്നു.

‘ഉദ്ഘാടന ചടങ്ങിനിടെ സൗത്ത് കൊറിയന്‍ ടീമിന്റെ പേര് തെറ്റായി അഭിസംബോധന ചെയ്ത പിഴവിന് ഞങ്ങള്‍ അഗാധമായി മാപ്പുചോദിക്കുന്നു,’ ഐ.ഒ.സി തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

സംഭവത്തില്‍ സൗത്ത് കൊറിയയുടെ കായിക മന്ത്രാലയം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ സെക്കന്‍ഡ് വൈസ് സ്‌പോര്‍ട്‌സ് മിനിസ്റ്ററും 2008 ഒളിമ്പിക്‌സ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനുമായ ജാങ് മി-റാന്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുമായി ചര്‍ച്ചക്കും ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനായി സൗത്ത് കൊറിയയുടെ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പാരീസ് ഒളിമ്പിക്‌സ് സംഘാടകസമിതിയെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെയും കാണും.

അതേസമയം, നോര്‍ത്ത് കൊറിയയെ അവരുടെ യഥാര്‍ത്ഥ പേരിലാണ് അനൗണ്‍സ് ചെയ്തത്.

അയല്‍രാജ്യങ്ങളാണെങ്കിലും ഇരു കൊറിയകളും തമ്മിലുള്ള രാഷ്ട്രീയ-നയതന്ത്ര ബന്ധങ്ങള്‍ ഇപ്പോഴും വഷളായി തന്നെ തുടരുകയാണ്. സൗത്ത് കൊറിയയിലേക്ക് നോര്‍ത്ത് കൊറിയ മാലിന്യം നിറച്ച ബലൂണുകള്‍ അയച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളടക്കം നിലനില്‍ക്കവെയാണ് ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പിഴവ് സംഭവിച്ചത് എന്നതും ശ്രദ്ധേയമാണ്.

 

 

Content highlight: Olympic organizers apologies for introducing South Korean athletes North Korean