2020 ടോകിയോ ഒളിംപിക്സിന് ആഗസ്റ്റ് 8ന് കൊടിയിറങ്ങി. 2024ല്‍ പാരീസില്‍ കാണാമെന്ന പ്രതീക്ഷയോടെ അത്‌ലറ്റുകളും കളമൊഴിഞ്ഞു. എന്നത്തേയും പോലെ അമേരിക്കയും ചൈനയും റഷ്യയും മെഡല്‍ പട്ടികയുടെ മുകള്‍ നിരയില്‍ തന്നെ സ്ഥാനവും നിലനിര്‍ത്തി. 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളുമായാണ് അമേരിക്ക മെഡല്‍പ്പട്ടികയില്‍ തങ്ങളുടെ സമഗ്രാധിപത്യം നിലനിര്‍ത്തിയത്.
മറ്റു രാജ്യങ്ങളെയപേക്ഷിച്ച് എന്താണ് അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളെ മെഡല്‍പ്പട്ടികയില്‍ മുന്നിലെത്താന്‍ പ്രാപ്തരാക്കുന്നത്? ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയിലെ സാമ്പത്തികവിദഗ്ധനും ഒളിംപിക്സ് പ്രവചനങ്ങളില്‍ ഗവേഷണം നടത്തുന്നയാളുമായ ഡേവിഡ് ഫോറസ്റ്റിന് ചിലത് പറയാനുണ്ട്.
സാമ്പത്തിക വളര്‍ച്ചയും ജനസംഖ്യയും രാഷ്ട്രീയ സാഹചര്യവുമാണ് അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളുടെ മെഡല്‍ നേട്ടങ്ങള്‍ക്ക് കാരണമായി ഫോറസ്റ്റ് പറയുന്നത്. കൂടുതല്‍ താരങ്ങളുമായി മത്സരങ്ങള്‍ക്കെത്തുന്ന രാജ്യത്തിനായിരിക്കും കൂടുതല്‍ മെഡല്‍ നേടാന്‍ സാധ്യതയെന്നും ഫോറസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു.
കേവലം 6,33,622 ജനങ്ങളുള്ള ലക്സംബര്‍ഗ് എന്ന രാജ്യം 12 അത്‌ലറ്റുകളുമായി 7 ഇനങ്ങളില്‍ മത്സരിച്ച് മെഡലുകളൊന്നും നേടാതെ കളമൊഴിഞ്ഞു. അതേസമയം ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള അമേരിക്ക 35 ഇനങ്ങളില്‍ മത്സരിക്കാന്‍ 613 താരങ്ങളുമായാണ് ഒളിംപിക്സിനെത്തിയത്.
എന്നാല്‍ ജനസംഖ്യയെ കൂടി ഒരു ഘടകമാക്കിയാണ് മെഡല്‍ പട്ടിക നിശ്ചയിക്കുന്നതെങ്കില്‍, അതായത് ‘മെഡല്‍സ് പെര്‍ മില്യണ്‍ പീപ്പിള്‍’ (Medals per Million People) അഥവാ പത്ത് ലക്ഷം ആളുകള്‍ക്ക് ഒരു മെഡല്‍ എന്ന രീതിയില്‍ കണക്കാക്കിയാല്‍ കേവലം 33,000ലധികം മാത്രം ജനസംഖ്യയുള്ള യൂറോപ്പിലെ കുഞ്ഞന്‍ രാജ്യമായ സാന്‍ മരീനോ മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തുമെന്നും അമേരിക്ക അറുപതാം സ്ഥാനത്തുമായിരിക്കുമെന്നും ബി.ബി.സി പറയുന്നു.
സാമ്പത്തിക വളര്‍ച്ചയും ഒരു രാജ്യത്തിന്റെ മെഡല്‍ നേട്ടത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഫോറസ്റ്റ് പറയുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളേക്കാള്‍ സാമ്പത്തികമായി സ്ഥിരിത നേടിയ രാജ്യങ്ങള്‍ മെഡല്‍ നേട്ടത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. ദരിദ്ര രാജ്യങ്ങളും വികസ്വര രാജ്യങ്ങളും താരതമ്യേന പണച്ചെലവ് കുറഞ്ഞ ഗുസ്തി പോലുള്ള ഇനങ്ങളില്‍ മെഡല്‍ നേടുമ്പോള്‍, സെയ്ലിംഗ് എക്വെസ്ട്രൈന്‍ പോലുള്ള പണച്ചെലവുള്ള മത്സരങ്ങളില്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് വിജയിക്കുന്നതെന്നും ഫോറസ്റ്റ് നിരീക്ഷിക്കുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ജി.ഡി.പി പെര്‍ ക്യാപിറ്റ അടിസ്ഥാനപ്പെടുത്തി ബി.ബി.സി തയാറാക്കിയ മെഡല്‍ പട്ടികയില്‍ ചൈനയും റഷ്യയും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനത്തും ഇന്ത്യ ഏഴാം സ്ഥാനത്തും ഇടംപിടിക്കുന്നു. അമേരിക്കയാകട്ടെ ആദ്യ പത്തില്‍ പോലുമില്ലാതെ പതിനഞ്ചാമതായാണ് മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്.
സാംസ്‌കാരിക – രാഷ്ട്രീയ സാഹചര്യങ്ങളും ഒരു രാജ്യത്തിന്റെ പ്രകടനത്തെ സ്വാധീനിക്കുന്നു എന്നും ഫോറസ്റ്റ് പറയുന്നു. പണ്ട് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങള്‍ക്ക് ശക്തമായ കായിക അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് സാധിച്ചുവെന്നും കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് ഇതിന് കഴിഞ്ഞില്ലെന്നും ഈ വ്യത്യാസം രാജ്യങ്ങളുടെ മെഡല്‍ നേട്ടത്തില്‍ പ്രകടമായി കാണാമെന്നും ഡേവിഡ് ഫോറസ്റ്റ് ചൂണ്ടിക്കാട്ടുന്നു.