| Saturday, 18th August 2012, 10:54 am

ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് രാഷ്ട്രത്തിന്റെ സ്വീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി മെഡലുകള്‍ സമ്മാനിച്ച താരങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ ആദരം. പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറുമടക്കം പ്രമുഖരുടെ സ്വീകരണങ്ങളാണ് ഇന്നലെ താരങ്ങള്‍ ഏറ്റവാങ്ങിയത്. []

ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയുടെ വീട്ടിലായിരുന്നു ആദ്യ സ്വീകരണം. കായികമേഖലയിലെ ശക്തികേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് സമയബന്ധിത പദ്ധതി ആവശ്യമാണെന്ന് അദ്വാനി ചൂണ്ടിക്കാട്ടി.

ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരി, കായിക മന്ത്രി അജയ് മാക്കന്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു. തുടര്‍ന്ന് സംഘം പോയത് പ്രധാനമന്ത്രിയുടെ വസതിയിലേക്ക്. അവിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും താരങ്ങളെ സ്വീകരിച്ചു.

ഇരുവര്‍ക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കുനിന്നശേഷം ഉച്ചഭക്ഷണവും കഴിച്ചാണ് സംഘം മടങ്ങിയത്. വൈകിട്ട് പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കര്‍ മീരാകുമാര്‍ സംഘത്തെ വരവേറ്റു. പാര്‍ലമെന്റിന്റെ ചിത്രമടങ്ങിയ ഉപഹാരം സ്പീക്കര്‍ താരങ്ങള്‍ക്ക് സമ്മാനിച്ചു. മലയാളികളായ പി.ടി. ഉഷ, സണ്ണി തോമസ്, ടിന്റു ലൂക്ക, കെ.ടി. ഇര്‍ഫാന്‍, രഞ്ജിത് മഹേശ്വരി, മയൂഖ ജോണി, പി.ആര്‍. ശ്രീജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വെള്ളി മെഡല്‍ ജേതാവ് ഷൂട്ടര്‍ വിജയ്കുമാറിന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മെഡല്‍ നേട്ടത്തിനുള്ള പാരിതോഷികമായി 30 ലക്ഷം രൂപ സമ്മാനിച്ച ആന്റണി, കൂടുതല്‍ പാരിതോഷികങ്ങള്‍ വിജയ്കുമാറിന് ലഭിക്കാനിരിക്കുന്നതേയുള്ളൂവെന്ന് വ്യക്തമാക്കി.

റെയില്‍ ഭവനില്‍ താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ റെയില്‍ മന്ത്രി മുകല്‍ റോയി പരിശീലകരെയും ആദരിച്ചു. ഗുസ്തി താരം സുശീല്‍ കുമാര്‍, ഷൂട്ടര്‍ ജോയ്ദീപ് കര്‍മാകര്‍ എന്നിവര്‍ക്ക് പുറമെ പരിശീലകരായ സണ്ണി തോമസ്, സത് പാല്‍ സിങ്, വിരേന്ദര്‍ പൂനിയ എന്നിവര്‍ക്കും മന്ത്രാലയം ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് നല്‍കുന്ന സ്വീകരണത്തോടെ താരങ്ങള്‍ക്കുള്ള സ്വീകരണ പരമ്പരയ്ക്കു വിരാമമാകും.

We use cookies to give you the best possible experience. Learn more