| Monday, 30th August 2021, 6:22 pm

നേടിയ മെഡല്‍ തിരിച്ചെടുത്തു; പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് നഷ്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോകിയോ: ടോകിയോ പാരാലിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ വിനോദ് കുമാറിന് മെഡല്‍ നഷ്ടമായി. മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ ശാരീരിക അവശതകള്‍ താരത്തിനില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മെഡല്‍ തിരിച്ചെടുത്തത്. മറ്റു മത്സരാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഒളിംപിക് കമ്മറ്റിയുടെ നടപടി.

എഫ്52 കാറ്റഗറിയിലായിരുന്നു വിനോദ് കുമാര്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയിരുന്നത്. ഈയിനത്തിലെ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം. എന്നാല്‍ ഈ കാറ്റഗറിയില്‍ മത്സരിക്കാനാവശ്യമായ ശാരീരിക വെല്ലുവിളകള്‍ താരത്തിനില്ല എന്നാണ് പാനല്‍ വിലയിരുത്തിയത്.

എഫ്52 വിഭാഗത്തിന് പകരം സി.എന്‍.സി (ക്ലാസിഫിക്കേഷന്‍ നോട്ട് കംപ്ലീറ്റഡ്) കാറ്റഗറിയിലായിരുന്നു താരം മത്സരിക്കേണ്ടിയിരുന്നത് എന്നാണ് വിദഗ്ധ പാനലിന്റെ കണ്ടെത്തല്‍. ശാരീരിക വെല്ലുവിളിയുടെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ കാറ്റഗറി നിര്‍ണയിക്കുന്നത്.

പേശികളുടെ ബലക്കുറവ്, നിയന്ത്രിത ചലനശേഷി, കൈകാലുകളുടെ കുറവ് അല്ലെങ്കില്‍ കാലിന്റെ നീളവ്യത്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്52 കാറ്റഗറി നിര്‍ണയിക്കുന്നത്.

നേരത്തെ 19.91 മീറ്റര്‍ എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം നേടിയിരുന്നത്. പോളണ്ടിന്റെ പയോട്ടര്‍ കോസവിച്ചാണ് ഈയിനത്തില്‍ സ്വര്‍ണം നേടിയത്. ക്രൊയേഷ്യയുടെ വെലിമര്‍ സെന്‍ഡോറിനാണ് വെള്ളി.

വിനോദിന്റേതടക്കം 3 മെഡലുകളാണ് ഞായറാഴ്ച ഇന്ത്യ നേടിയിരുന്നത്. വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഭവിനയും പുരുഷ വിഭാഗം ഹൈജംപില്‍ നിഷാദ് കുമാറുമാണ് ഇന്ത്യയ്ക്കായി ഇന്നലെ മെഡല്‍ നേടിയത്.

ഇന്ന് വനിതകളുടെ ഷൂട്ടിംഗില്‍ സ്വര്‍ണവും പുരുഷ വിഭാഗം ജാവലിനില്‍ വെള്ളിയും വെങ്കലവും ഇന്ത്യ നേടിയിരുന്നു.

10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി ലേഖര ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ എഫ്46 കാറ്റഗറിയില്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലവും സ്വന്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Olympic Committee Took Back Vinod Kumar’s Bronze Medal

We use cookies to give you the best possible experience. Learn more