കൊച്ചി: കേരളാ സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റായി ഒളിമ്പ്യന്‍ മേഴ്സി കുട്ടനെ തെരഞ്ഞെടുത്തു. കായികഭരണത്തിന്റെ തലപ്പത്ത് കായികതാരങ്ങളെ നിയമിക്കുകയെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് മേഴ്സി കുട്ടന്റെ പദവിയെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
മേഴ്സി കുട്ടന്റെ അനുഭവസമ്പത്ത് സ്പോട്സ് കൗണ്‍സിലിനും കായിക കേരളത്തിനാകെയും വലിയ മുതല്‍ക്കൂട്ടാകുമെന്നും. മേഴ്സി കുട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നെന്നും മന്ത്രി പറഞ്ഞു.
അര്‍ജ്ജുന, ജി വി രാജ അവാര്‍ഡ് ജേതാവായ ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ 1988 ലെ സോള്‍ ഒളിമ്പിക്സില്‍ 400 മീറ്ററില്‍ ട്രാക്കിലിറങ്ങി. ആറു മീറ്റര്‍ ചാടിയ ആദ്യ ഇന്ത്യന്‍ വനിതാ ലോങ്ങ്ജംപ് താരമാണ്.
വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലായി 16 തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1982 ഏഷ്യന്‍ ഗെയിംസില്‍ ലോങ്ങ്ജംപില്‍ വെള്ളി നേടി. 1989 ല്‍ ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിലംഗമായിരുന്നു.
ടാറ്റാസില്‍ സ്പോട്സ് ഓഫീസറായി വിരമിച്ച ശേഷം എറണാകുളത്ത് മേഴ്സി കുട്ടന്‍ അക്കാദമി സ്ഥാപിച്ചു. പത്തുവര്‍ഷത്തിനിടെ അക്കാദമിയില്‍നിന്ന് 9 കായികതാരങ്ങള്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 2016 ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി. DoolNews Video