| Monday, 26th November 2012, 10:10 am

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: രണ്‍ധീര്‍ സിങ് പിന്‍വാങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിലേക്ക്. ഡിസംബര്‍ അഞ്ചിന് നടക്കാനിരുന്ന ഐ.ഒ.എ തെരഞ്ഞെടുപ്പില്‍ നിന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി രണ്‍ധീര്‍ സിങ് പിന്‍വാങ്ങി. റിട്ടേണിങ് ഓഫിസര്‍ ജസ്റ്റിസ് വി.കെ. ബാലിയെ സന്ദര്‍ശിച്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള നോമിനേഷന്‍ പിന്‍വലിച്ചു.[]

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മുഖ്യ എതിരാളി അഭയ്‌സിങ് ചൗതാല നയിക്കുന്ന വിഭാഗത്തിന്റെ ആരോപണങ്ങളില്‍ മനംമടുത്താണ് പിന്‍വാങ്ങുന്നതെന്ന് രണ്‍ധീര്‍ സിങ് അറിയിച്ചു. ഐ.ഒ.എ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യാന്തര ഒളിമ്പിക്‌സ് കൗണ്‍സില്‍ (ഐ.ഒ.സി) വിലക്ക് ഭീഷണി അറിയിച്ചതിന് പിന്നാലെയാണ് രണ്‍ധീര്‍ സിങ്ങിന്റെ രാജി.

സ്‌പോര്‍ട്‌സ് മന്ത്രാലയം നിര്‍ദേശിച്ച ചട്ടം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ പുതുതായി അധികാരത്തിലെത്തുന്ന ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് വിലക്കേര്‍പ്പെടുത്തുമെന്ന് ഐ.ഒ.സി പ്രസിഡന്റ് ജാക്‌സ് റോഗും ഏഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശൈഖ് അഹമ്മദ് അല്‍ ഫഹദ് അല്‍ സബായും എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഒളിമ്പിക്‌സ് ചാര്‍ട്ടര്‍ പ്രകാരം മാത്രം തെരഞ്ഞെടുപ്പ് നടത്താനാണ് ഐ.ഒ.സി നിര്‍ദേശം. ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവരുതെന്നും വ്യക്തമാക്കുന്നു. ഈ വിഷയങ്ങളില്‍ കൃത്യമായ വിശദീകരണം നവംബര്‍ 30നകം നല്‍കാന്‍ ഐ.ഒ.സി കഴിഞ്ഞ ദിവസത്തെ കത്തില്‍ നിര്‍ദേശിക്കുന്നു.

ഇതിനിടെയാണ് ഐ.ഒ.സി അംഗം കൂടിയായ രണ്‍ധീര്‍ സിങ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറുന്നത്.

We use cookies to give you the best possible experience. Learn more