എല്ലാ ജീവജാലങ്ങളും സ്വപ്‌നം കാണും. ഉറക്കമെണീറ്റു കഴിയുമ്പോള്‍, ചിലര്‍ക്ക് സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ടെന്നു വരാം. സ്വപ്‌നം കാണുന്ന സമയം നമ്മള്‍ യാഥാര്‍ഥ്യത്തില്‍ നിന്നു മാറിനില്‍ക്കുകയാണ്. സ്വപ്‌നം കഴിയുമ്പോള്‍ യാഥാര്‍ഥ്യത്തിലേക്കു തിരിച്ചുപോകും.
ടി.ഡി രാമകൃഷ്ണന്റെ തിരക്കഥയും എം.ജെ രാധാകൃഷ്ണന്‍ എന്ന പ്രതിഭയുടെ ക്യാമറാക്കണ്ണുകളും ഇഴചേരുന്നിടത്ത് ഷാജി എന്‍. കരുണിന്റെ സംവിധാന മികവും കൂടി എത്തുമ്പോഴാണ് സ്വപ്‌നവും യാഥാര്‍ഥ്യവുമായി ‘ഓള്’ പിറക്കുന്നത്. ഫാന്റസിയില്‍ത്തുടങ്ങി റിയാലിറ്റിയില്‍ക്കൂടി ഒന്നരമണിക്കൂര്‍ ഓളിലൂടെ നമുക്കു സഞ്ചരിക്കാനാവും.
കായലും അതിന്റെ അടിത്തട്ടും കായലിന്റെ നടുക്കുള്ള ഒരു തുരുത്തും അവിടെ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും നിഗൂഢതകളുമാണ് ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓളിന്റെ പ്രമേയമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. പക്ഷേ അവാര്‍ഡ് സിനിമയെന്ന രീതിയിലേക്ക് എഴുതിത്തള്ളി തിയേറ്ററുകള്‍ ബഹിഷ്‌കരിക്കേണ്ട ഒന്നല്ല ഈ പ്രമേയം.
ഒരു നാടോടി പെണ്‍കുട്ടിയെ ഒരുപറ്റം സാമൂഹ്യവിരുദ്ധര്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുന്നതും അവള്‍ കൊല്ലപ്പെട്ടെന്നു കരുതി കായലിനടിയിലേക്കു കെട്ടിത്താഴ്ത്തുന്നതുമാണ് സിനിമയുടെ തുടക്കം. അവളൊരു നാടോടി പെണ്‍കുട്ടിയല്ല യഥാര്‍ഥത്തില്‍. സ്വത്വമില്ലാതെ അലഞ്ഞുതിരിയുന്ന ഒരു പെണ്ണ് കൂടിയാണ്.
അവിടെ അവളെ കെട്ടിത്താഴ്ത്തുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മറഞ്ഞുപോയ ബുദ്ധ ആരാധനാലയമാണ്. അവിടെ അവളെ രക്ഷപ്പെടുത്തുന്നത് ആ ആരാധനാലയത്തിലെ ഒരു പുരോഹിതയാണ്. അവള്‍ക്ക് പുരോഹിത 10 പൗര്‍ണ്ണമികള്‍ നല്‍കുകയാണ്. പൂര്‍ണചന്ദ്രന്റെ സാന്നിധ്യത്തില്‍ ഭൂമിയിലെ കാഴ്ചകള്‍ കാണാനുള്ള അനുവാദം.
10 പൗര്‍ണ്ണമികളെന്നാല്‍ ഒരു ഗര്‍ഭ കാലയളവ് കൂടിയാണ്. ആ കുട്ടി ജനിക്കുന്നിടത്ത് അവള്‍ ബുദ്ധമത വിശ്വാസ പ്രകാരമുള്ള നിര്‍വാണത്തിലേക്കു പോകുകയാണ്. കുട്ടി ജനിക്കുകയെന്നാല്‍, പുരോഹിത പറയുന്നതുപോലെ അവള്‍ക്കുള്ളിലെ പ്രണയത്തെ പുറത്തുവിടുക കൂടിയാണ്.
ഈ 10 പൗര്‍ണ്ണമികള്‍ക്കിടെ ഒറ്റവീടും ഒരു ക്ഷേത്രവും മാത്രമുള്ള തുരുത്തിലെ വാസു എന്നു വിളിക്കുന്ന വാസുദേവപ്പണിക്കറുടെ (ഷെയ്ന്‍ നിഗം) ജീവിതത്തിലൂടെ സിനിമ സഞ്ചരിക്കുകയാണ്.
വാസു ഒരു പരാജിതനായ ചിത്രകാരനാണ്. ചിത്രകാരനായ രവിവര്‍മയ്ക്കു വരയ്ക്കാനായി ധാരാളം മോഡലുകളെ കിട്ടുമായിരുന്നെന്നും തനിക്കതില്ലെന്നും ഓര്‍ത്ത് വിലപിക്കുന്ന ഒരു ചിത്രകാരന്‍. ബാധയൊഴിപ്പിക്കലെന്ന കുലത്തൊഴില്‍ പഠിക്കാന്‍ താത്പര്യമില്ലാതെ ജീവിക്കുന്ന വാസുവിനു പക്ഷേ തുരുത്തിലെ വിശ്വാസങ്ങളെ തന്റെ ഭാഗമാക്കുന്നതില്‍ മടിയുമില്ല.
കായലിന്റെ അടിത്തട്ടില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഒരു പൗര്‍ണ്ണമിയില്‍ അവന്‍ ശബ്ദത്തിലൂടെ പരിചയപ്പെടുകയാണ്. മായ എന്നവള്‍ സ്വയം പരിചയപ്പെടുത്തുന്നു. മായയും വാസുവും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. മായയുടെ ചിന്തകളല്ല വാസുവിന്റേത്. തികച്ചും സാധാരണക്കാരനായ വാസുവിന് ഒരിക്കലും മായയുടെ പ്ലാറ്റോണിക് പ്രണയത്തെ അംഗീകരിക്കാനാവുന്നില്ല.
കാണാതെ പ്രണയിച്ചുകൂടേ എന്ന മായയുടെ ചോദ്യത്തിന് മനസ്സിലാമനസ്സോടെയാണ് അവന്‍ സമ്മതം മൂളുന്നത്. മായയോടുള്ള തീവ്ര പ്രണയത്തിനിടയ്ക്കും അവളെ ശാരീരികാവസ്ഥയില്‍ കാണാന്‍ അവന്‍ ആഗ്രഹിക്കുകയാണ്. അറിയപ്പെടുന്ന ഒരു ചിത്രകാരനാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുള്ള വാസുവിനോട് അവള്‍ ‘എന്റെ സ്വപ്‌നം നിനക്ക് വരച്ചുതരാനാകുമോ’ എന്നു ചോദിക്കുമ്പോഴാണ് വാസുവിലെ നല്ലൊരു ചിത്രകാരന്‍ പിറക്കുന്നത്.
പിന്നീട് ആ ചിത്രകലയിലൂടെ പ്രശസ്തിയാര്‍ജിച്ച്, അതുവഴി ലൗകികസുഖങ്ങളുടെ ലോകത്തിലേക്കു സഞ്ചരിക്കുന്ന വാസുവിന് തന്നിലെ സാധാരണക്കാരനിലുള്ള വികാരങ്ങളും വിചാരങ്ങളും ഒളിപ്പിക്കാനാവുന്നില്ല. മുംബൈയിലേക്ക് പറിച്ചുനടപ്പെടുന്ന വാസുവിന് തന്നോടു സ്‌നേഹം കാണിക്കുന്ന മറ്റുള്ള സ്ത്രീകളെ കാണുമ്പോള്‍ അവരും മായയായി കാണാന്‍ തോന്നുന്നു. അവന്‍ അവരുടെ സ്‌നേഹത്തിനു കീഴ്‌പ്പെടുകയാണ്.
എന്റര്‍ടെയ്‌നര്‍ എന്ന ഘടകത്തില്‍ നിന്നുകൊണ്ടല്ല സിനിമയുടെ സൃഷ്ടി. മനുഷ്യസഹജമായ വികാരങ്ങളുടെ പ്രതിഫലനമാണത്. വിശ്വാസങ്ങളും ആചാരങ്ങളും കെട്ടുകഥകളുമൊക്കെയാണ് ഓളില്‍ വന്നുപോകുന്നത്. വര്‍ത്തമാനകാലം നേരിടുന്ന സ്ത്രീകള്‍ക്കെതിരായ അക്രമത്തെ സിനിമ വേണ്ടവിധത്തില്‍ അടയാളപ്പെടുത്തിപ്പോകുന്നുണ്ട്. ഒപ്പം ഫാന്റസിയും യാഥാര്‍ഥ്യവും തമ്മില്‍ എങ്ങനെയാണു കെട്ടുപിണഞ്ഞുകിടക്കുന്നത് എന്നുകൂടി വരച്ചുകാണിക്കുകയാണ് ഷാജി എന്‍. കരുണ്‍ എന്ന മേക്കര്‍.
എടുത്തുപറയേണ്ടത് ക്യാമറയാണ്. തുരുത്തും കായലും ചിത്രകലയുമൊക്കെയായി ദൃശ്യമനോഹരമാണ് ഓള്. കായലിന്റെ ഒഴുക്കില്‍ തുടങ്ങുന്ന ദൃശ്യങ്ങളുടെ മനോഹാരിതയെ അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്‍ അത്രമേല്‍ മനോഹരമായാണ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ദേശീയ അവാര്‍ഡ് എത്തിയ കൈകള്‍ അര്‍ഹതപ്പെട്ടതു തന്നെയാണെന്നു ബോധ്യപ്പെടുമ്പോഴും ഇനി ഒരു വര്‍ക്ക് ചെയ്യാന്‍ ആ മനുഷ്യനില്ലല്ലോ എന്നത് സിനിമയ്ക്കു ലഭിച്ച നഷ്ടമായിത്തന്നെ കാണണം.
ഫ്രാന്‍സിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയും എഴുതിയ ടി.ഡി രാമകൃഷ്ണന്റെ കൈകളില്‍ക്കൂടിത്തന്നെയാണ് ഓളും കടന്നുപോകുന്നത്. തന്റെ എല്ലാ സിനിമകളും എന്ന പോലെ തന്നെ ഷാജിയുടെ കഥ തന്നെയാണ് ഓള്. പക്ഷേ പക്വമായി അവതരിപ്പിച്ച തിരക്കഥയുടെ കരുത്തിലാണ് സിനിമ വരുംദിവസങ്ങളില്‍ വിസ്മയിപ്പിക്കാന്‍ പോകുന്നതെന്നുറപ്പാണ്. അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അവഗണിക്കാനാവാത്ത വിധത്തിലുള്ള ചേരുവകളാണ് ടി.ഡിയുടെ തൂലികയില്‍ നിന്നു പിറന്നുവീണിരിക്കുന്നത്.
ടിപ്പിക്കല്‍ വേഷപ്പകര്‍ച്ചയില്‍ നിന്ന് അധികമൊന്നും മാറ്റമില്ലെങ്കിലും കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പില്‍ ഷെയ്ന്‍ നിഗം എന്ന യുവനടന്‍ പക്വത കൈവരിച്ചെന്നു നിസ്സംശയം പറയാം. കിസ്മത്തില്‍ തുടങ്ങി കുമ്പളങ്ങി നൈറ്റ്‌സിലൂടെ സഞ്ചരിച്ച് ഇഷ്‌കിലെത്തി, ഇപ്പോള്‍ ഓളിലേക്ക് ചേക്കേറുമ്പോള്‍ കൊമേഴ്‌സ്യല്‍ സിനിമകളുടെ അതിപ്രസരമൊന്നും ആ ചെറുപ്പകാരനെ ബാധിച്ചിട്ടില്ലെന്നത് ആശ്വാസമാണ്.
എസ്തര്‍ അനില്‍ എന്ന പതിനെട്ടുകാരിയുടെ അഭിനയശേഷിയെ വെല്ലുവിളിക്കാന്‍ പോന്ന ഒന്നാണ് മായ എന്ന കഥാപാത്രം. പ്രായത്തിന്റെ നിഷ്‌ക്കളങ്കതയും അനുഭവങ്ങളിലൂടെ അവള്‍ക്കു ലഭിച്ച നൊമ്പരങ്ങളുമൊക്കെ മുഖത്തും ശബ്ദത്തിലും ആവാഹിച്ചാണ് എസ്തര്‍ കടന്നുപോകുന്നത്. കടലിനടിയിലെ ഫാന്‍സി നായിക എന്ന സങ്കല്‍പ്പത്തെ പ്രായത്തിനുമേല്‍ കൈയ്യടക്കത്തോടെയാണ് ആ പെണ്‍കുട്ടി അവതരിപ്പിച്ചിരിക്കുന്നത്.
പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മറ്റൊരു കഥാപാത്രം വാസുവിന്റെ മാനസികാസ്വാസ്ഥ്യമുള്ള സഹോദരിയെ അവതരിപ്പിക്കുന്ന കണി കണ്‍മണിയാണ്. ‘പെണ്ണ് ഒരു പൂവ് പോലെയാണല്ലേടാ. വേണമെങ്കില്‍ തലയില്‍ച്ചൂടാം, അല്ലെങ്കില്‍ ചവിട്ടിയരയ്ക്കാം’ എന്ന ആദ്യ ഡയലോഗിലൂടെത്തന്നെ കണി വിസ്മയിപ്പിക്കുകയാണ്. മലയാള സിനിമ ഈ നടിയെ ഇനിയും ഉപയോഗിച്ചിട്ടില്ലെന്നത് ഇതില്‍ നിന്നു വ്യക്തമാണ്.
സിനിമ പുറകോട്ടു സഞ്ചരിക്കുന്നത് ഗ്രാഫിക്‌സിലൂടെ കടന്നുപോകുമ്പോഴാണെന്നു പറയാം. ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍പ്പോലും സിനിമയിലെ ഗ്രാഫിക്‌സ് രംഗങ്ങള്‍ തീരെ സാങ്കേതികത്വം ഉപയോഗിച്ചല്ല കൈകാര്യം ചെയ്തതെന്നു തോന്നും. ആ കുറവ് തുടക്കം മുതല്‍ കല്ലുകടിയായി നില്‍ക്കുമ്പോഴാണ് എം.ജെയുടെ ദൃശ്യഭംഗിയോടു ചെയ്യുന്ന നീതികേടായി മാറുന്നത്.
വാസുവിന്റെ മുത്തശ്ശിയായെത്തുന്ന പുന്നശ്ശേരി കാഞ്ചന, ലീല എന്ന കഥാപാത്രമായി ആകര്‍ഷകമായ വേഷപ്പകര്‍ച്ചയിലൂടെ മായാ മേനോന്‍, ചെറിയ സ്‌ക്രീന്‍ പ്രസന്‍സുള്ള വള്ളക്കാരനായി, ഇന്ദ്രന്‍സ്, പി. ശ്രീകുമാര്‍, രാധിക തുടങ്ങിയവരാണ് ഓളിലെ മറ്റ് അഭിനേതാക്കള്‍. എ.വി അനൂപിന്റെ നിര്‍മാണത്തില്‍ പിറന്ന സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് എ. ശ്രീകര്‍ പ്രസാദാണ്.