Sports News
വീഡിയോ; ഈ നൂറ്റാണ്ടില്‍ ഇങ്ങനെ ഒരു ക്യാച്ച് കാണില്ല; കമന്റേറ്റര്‍മാര്‍ പോലും വാ പൊളിച്ചു നിന്ന് പോയ നിമിഷം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 25, 11:44 am
Saturday, 25th February 2023, 5:14 pm

ബേസിന്‍ റിസര്‍വിലെ രണ്ടാം ടെസ്റ്റില്‍ ഇതിലും നല്ലൊരു നിമിഷമുണ്ടാകില്ല. ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിലെ രണ്ടാം ദിവസം ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡാരില്‍ മിച്ചലിനെ പുറത്താക്കിയ ഇംഗ്ലീഷ് താരം ഒലി പോപ്പിന്റെ ക്യാച്ചാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ 33ാം ഓവറിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം കയ്യടിപ്പിച്ച ക്യാച്ച് പിറന്നത്. ജാക്ക് ലീച്ച് എറിഞ്ഞ 33ാം ഓവറിലെ അവസാന പന്തിലാണ് ആ ക്യാച്ച് പിറന്നത്.

ഡെലിവറി നേരിട്ട ഡാരില്‍ മിച്ചല്‍ ഡിഫന്‍സീവ് ഷോട്ട് കളിക്കുകയായിരുന്നു. എന്നാല്‍ സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഒല്ലി പോപ്പിന്റെ പ്രസന്‍സ് ഓഫ് മൈന്‍ഡിന്റെയും റിയാക്ഷന്‍ ടൈമിന്റെയും മുന്നില്‍ മിച്ചല്‍ വീണപ്പോള്‍ രണ്ടാം ടെസ്റ്റിലെ ഏറ്റവും മികച്ച മൊമെന്റായിരുന്നു പിറന്നത്.

39 പന്തില്‍ നിന്നും ഒരു ബൗണ്ടറിയുള്‍പ്പെടെ 13 റണ്‍സ് നേടിയാണ് മിച്ചല്‍ മടങ്ങിയത്.

അതേസമയം, ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിലും അപകടം മണക്കുകയാണ്. രണ്ടാം ദിവസം കളിയവസനാപ്പിക്കുമ്പോള്‍ 42 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് ടീം നേടിയിരിക്കുന്നത്. ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കാന്‍ കിവികള്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ ഇനി 97 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കണം.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ടോം ലാഥവും ഹെന്റി നിക്കോള്‍സുമാണ് പിടിച്ചുനിന്നത്. ലാഥം 76 പന്തില്‍ നിന്നും 35 റണ്‍സ് നേടിയപ്പോള്‍ നിക്കോള്‍സ് 38 പന്തില്‍ നിന്നും 30 റണ്‍സ് നേടി.

ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സിനെ കരകയറ്റിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലണ്ടല്‍ പുറത്താകാതെ ക്രീസിലുണ്ട് എന്നതാണ് കിവി ആരാധകരുടെ ആശ്വാസം. 55 പന്തില്‍ നിന്നും 25 റണ്‍സ് നേടിയാണ് താരം ക്രീസില്‍ തുടരുന്നത്.

 

നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പുറത്താകാതെ 154 റണ്‍സ് നേടിയ ജോ റൂട്ടിന്റെയും 176 പന്തില്‍ നിന്നും 186 റണ്‍സ് നേടിയ ഹാരി ബ്രൂക്കിന്റെയും കരുത്തില്‍ ഇംഗ്ലണ്ട് 87.1 ഓവറില്‍ രണ്ട് വിക്കറ്റ് കയ്യിലിരിക്കെ 435 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ആദ്യ ടെസ്റ്റ് അനായാസം ജയിച്ച ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റും വിജയിക്കാനുള്ള ഒരുക്കത്തിലാണ്.

 

Content highlight: Ollie Pope’s incredible catch to dismiss Daryl Mitchel